സൗദി ഗോള്‍കീപ്പറുടെ കാല്‍മുട്ട് മുഖത്തിടിച്ചു, താടിയെല്ലിന് ഒടിവ്; അല്‍ ഷഹ്‌രാനിക്ക് ഗുരുതരപരിക്ക്

എക്‌സ്‌റേ പരിശോധനയില്‍ താരത്തിന്റെ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്ന് തെളിഞ്ഞു

സൗദി ഗോള്‍കീപ്പറുടെ കാല്‍മുട്ട് മുഖത്തിടിച്ചു, താടിയെല്ലിന് ഒടിവ്; അല്‍ ഷഹ്‌രാനിക്ക് ഗുരുതരപരിക്ക്

ലുസെയ്ല്‍: അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ സൗദി അറേബ്യന്‍ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് സഹതാരം യാസര്‍ അല്‍ ഷഹ്‌രാനിക്ക് ഗുരുതരപരിക്ക്. ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവെയ്സിന്റെ കാല്‍മുട്ട് ഷഹ്‌രാനിയുടെ മുഖത്തിടിക്കുകയായിരുന്നു. സ്ട്രെച്ചറില്‍ താരത്തെ പുറത്തേക്ക് കൊണ്ടുപോയി.

എക്‌സ്‌റേ പരിശോധനയില്‍ താരത്തിന്റെ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്ന് തെളിഞ്ഞു. ആന്തരിക രക്തസ്രാവമുണ്ടെന്നും കണ്ടെത്തി. യാസര്‍ അല്‍ ഷഹ്‌രാനിക്ക് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഷഹ്‌രാനിയെ സ്വാകാര്യവിമാനത്തില്‍ ചികിത്സക്കായി ജര്‍മനിയിലേക്ക് കൊണ്ടുപോകാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി.

നേരത്തെ, ഗ്രൂപ്പ് ബില്‍ ഇംഗ്ലണ്ട്-ഇറാന്‍ മത്സരത്തില്‍ ഇറാന്‍ ഗോള്‍കീപ്പര്‍ അലിറെസ ബെയ്റാന്‍വാന്‍ഡക്കും പരിക്കേറ്റിരുന്നു. അലിറെസ ബെയ്റാന്‍വാന്‍ഡും പ്രതിരോധ താരം മജിദ് ഹൊസ്സെയിനിയുമാണ് കൂട്ടിയിടിച്ചത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടേയായിരുന്നു കൂട്ടിയിടി.

തലയ്ക്ക് പരിക്കേറ്റ താരങ്ങളെ ഉടന്‍ തന്നെ മെഡിക്കല്‍ സംഘം പരിശോധിച്ചെങ്കിലും കുറച്ച് സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. എന്നാല്‍ സെക്കന്റുകള്‍ക്കകം ഗോള്‍കീപ്പര്‍ ബെയ്റാന്‍വാന്‍ഡ കളിക്കാനാവാതെ മൈതാനത്ത് കിടന്നു. അതോടെ താരത്തെ പിന്‍വലിച്ചു. പകരം ഗോള്‍കീപ്പറായി ഹൊസെയ്ന്‍ ഹോസ്സെയ്നിയെ കളത്തിലിറക്കിയാണ് ഇറാന്‍ മത്സരം തുടര്‍ന്നത്.