പൊലീസിലെ കാവിവത്ക്കരണം സർക്കാർ അനുവദിക്കില്ല: താക്കീതുമായി ഡി.കെ ശിവകുമാർ

പൊലീസിലെ കാവിവത്ക്കരണം സർക്കാർ അനുവദിക്കില്ല: താക്കീതുമായി ഡി.കെ ശിവകുമാർ

തന്‍റെ സര്‍ക്കാര്‍ പൊലീസിലെ കാവിവല്‍ക്കരണം അനുവദിക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. മുൻ ബി.ജെ.പി ഭരണത്തിന് കീഴിലുള്ള കർണാടകയിലെ ചില സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശിവകുമാറിന്‍റെ വിമര്‍ശനമെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ഉന്നതതല ചര്‍ച്ച നടത്തി.

ഈ സർക്കാരിൽ നിന്ന് വലിയ മാറ്റമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അത് പൊലീസ് വകുപ്പിൽ നിന്നു തന്നെ ആരംഭിക്കണം. ഈ സർക്കാരിൽ നിന്നുള്ള മാറ്റത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തണം.

നിങ്ങളുടെ മുൻകാല പെരുമാറ്റം ഞങ്ങളുടെ സർക്കാരിൽ പാടില്ല. എവിടെ നോക്കിയാലും അഴിമതിയാണ്. ബി.ജെ.പി ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ പൊലീസ് കള്ളക്കേസുകൾ ചുമത്തിയെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.

രാജ്യത്തോട് ബഹുമാനമുണ്ടെങ്കിൽ ദേശീയ പതാകയ്ക്ക് വേണ്ടി പ്രവർത്തിക്കണം. നിങ്ങൾ പൊലീസ് ഡിപ്പാർട്മെന്റിനെ കാവിവൽക്കരിക്കാൻ പോവുകയാണോ? ഇത് നമ്മുടെ സർക്കാർ അനുവദിക്കില്ല. മംഗലാപുരത്തും ബിജാപൂരിലും ബാഗൽകോട്ടിലും കാവി വസ്ത്രം ധരിച്ച് നിങ്ങൾ വകുപ്പിനെ അപമാനിച്ചതെങ്ങനെയെന്ന് എനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.