മങ്കിപോക്സിന്‍റെ പേര് മാറ്റി

മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി പല ഭാ​ഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു.

മങ്കിപോക്സിന്‍റെ പേര് മാറ്റി

മങ്കിപോക്സ് എന്ന രോഗത്തെ എംപോക്സ് എന്നു വിളിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം. മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി പല ഭാ​ഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഇതോടെയാണ് രോഗത്തിന്‍റെ പേരുമാറ്റുന്നതിനെക്കുറിച്ച് ലോകാരോ​ഗ്യ സംഘടന ചർച്ചകൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് പുതിയ പേര് ലോകാരോഗ്യ സംഘടന പരിചയപ്പെടുത്തിയത്.

മങ്കിപോക്സ് എന്ന പേര് കറുത്ത വർ​ഗക്കാരെ അധിക്ഷേപിക്കാൻ ഉപയോ​ഗിക്കുന്നു എന്നതാണ് ഒരു കാരണം. മറ്റൊന്ന് കുരങ്ങുകൾ മാത്രമാണ് ഈ രോ​ഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്നതായിരുന്നു. കുരങ്ങുകളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്ന സാഹചര്യം പലയിടത്തും ഉണ്ടായിരുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്‌സ്. വ്യാപനം വർധിച്ചതോടെ ലോകാരോ​ഗ്യ സംഘടന ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

1958ലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. മങ്കിപോക്സ് എന്ന പേര് നല്‍കിയത് 1970ലാണ്. എന്നാല്‍ വൈറസിന്‍റെ ഉത്ഭവം കുരങ്ങുകളില്‍ നിന്നാണോ എന്നതില്‍ വ്യക്തതയില്ല. 2015 മുതൽ തന്നെ അസുഖത്തിന്റെ പേര് പരിഷ്കരിക്കണമെന്ന് നിർദേശം വന്നിരുന്നുവെങ്കിലും പേരുമാറ്റം വൈകി. ഇക്കഴിഞ്ഞ ആഗസ്റ്റിൽ 45 രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോട് അസുഖത്തിന് പുതിയ പേര് നിർദേശിക്കാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. അങ്ങനെയാണ് എംപോക്സിലേക്ക് എത്തിയത്. നിലവിലുള്ള പേര് പ്രസിദ്ധീകരണങ്ങളിൽ നിന്നും ഡിജിറ്റൽ രേഖകളിൽ നിന്നും നീക്കം ചെയ്യാൻ പരമാവധി ഒരു വർഷം വേണ്ടി വന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. അതുവരെ രണ്ട് പേരും ഉപയോഗിക്കാം.