സൗദി ലീഗില്‍ റൊണാള്‍ഡോയുടെ വണ്ടര്‍ ഗോളില്‍ അല്‍ നസ്റിന് ജയം-വീഡിയോ

സൗദി ലീഗില്‍ റൊണാള്‍ഡോയുടെ വണ്ടര്‍ ഗോളില്‍ അല്‍ നസ്റിന് ജയം-വീഡിയോ

റിയാദ്: സൗദി പ്രൊലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വണ്ടര്‍ ഗോളിൽ അൽ നസ്റിന് ജയം. അൽ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് അൽ നസ്ർ തോൽപ്പിച്ചത്. ക്രിസ്റ്റ്യൻ ഗുവാൻസയുടെ ഇരട്ടഗോളിൽ ഷബാബാണ് ആദ്യം മുന്നിലെത്തിയത്. ടാലിസ്ക, അബ്ദുറഹ്മാൻ എന്നിവരുടെ ഗോളുകളിലൂടെ അൽ നസ്ർ ഒപ്പമെത്തി.

59ആം മിനുറ്റിലായിരുന്നു റൊണാൾഡോയുടെ വിജയഗോൾ. രണ്ട് മത്സരങ്ങൾ ശേഷിക്കെ മൂന്ന് പോയിന്‍റ് പിന്നിൽ രണ്ടാംസ്ഥാനത്താണ് അൽ നസ്ർ. അൽ ഇത്തിഹാദാണ് ഒന്നാംസ്ഥാനത്ത്. അല്‍ നസ്റിന്‍റെ ജയത്തോടെ അല്‍ ഇത്തിഹാദിന് കിരീടം ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം.

അല്‍ ഷബാബിനെതിരെ 59ാം മിനിറ്റില്‍ തന്‍റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി ഓടിക്കയറിയാണ് റൊണാള്‍ഡോ ഗോളടിച്ചത്. ഗോളടിച്ചതിന് പിന്നാലെ അല്‍ നസ്ര്‍ ടീം അംഗങ്ങള്‍ റൊണാള്‍ഡോയെ പൊതിഞ്ഞെങ്കിലും അവരില്‍ നിന്ന് പുറത്തു കടന്ന റൊണാള്‍ഡോ മുസ്ലീങ്ങളുടെ പ്രാ‍ര്‍ത്ഥനയിലെന്ന പോലെ ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്നതും കൗതുകക്കാഴ്ചയായി.

ജയിച്ചെങ്കിലും ഒന്നാം സ്ഥാനത്തുള്ള അല്‍ ഇത്തിഹാദിനെക്കാള്‍ മൂന്ന് പോയന്‍റ് പിന്നിലാണ് ഇപ്പോഴും അല്‍ നസ്ര്‍. അല്‍ ഇത്തിഹാദിന് 28 മത്സരങ്ങളില്‍ 66 പോയന്‍റും അല്‍ നസ്റിന് ഇത്രയും മത്സരങ്ങളില്‍ 63 പോയന്‍റുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള അള്‍ ഷബാബിന് 53 പോയന്‍റേയുള്ളൂവെന്നതിനാല്‍ കിരീട പ്രതീക്ഷയില്ല.

ശേഷിക്കുന്ന മത്സരങ്ങളില്‍ അള്‍ ഇത്തിഹാദ് തോല്‍ക്കുകയും അല്‍ നസ്ര്‍ ജയിക്കുകയും ചെയ്താല്‍ മാത്രമെ റൊണാള്‍ഡോയുടെ ടീമിന് കിരീട പ്രതീക്ഷവെക്കാനാവു. മെയ് 27നും 31നുമാണ് ലീഗിലെ അവസാന മത്സരങ്ങള്‍ നടക്കുക. ഒത്തുകളി ഒഴിവാക്കാന്‍ ഒരേസമയമാണ് മത്സരങ്ങള്‍ നടത്തുക. സീസണൊടുവില്‍ അല്‍ നസ്ര്‍ വിട്ട് റൊണാള്‍ഡോ ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.