പാനൂര്‍ വധം; രണ്ടുപേര്‍ കൂടി പിടിയില്‍, മന്‍സൂറിന്റെ സഹോദരന്റെ മൊഴിയെടുക്കുന്നു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പാനൂര്‍ വധം; രണ്ടുപേര്‍ കൂടി പിടിയില്‍, മന്‍സൂറിന്റെ സഹോദരന്റെ മൊഴിയെടുക്കുന്നു

കണ്ണൂര്‍(www.kasaragodtimes.com 10.04.2021): പാനൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായ രണ്ടുപേരുമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകീട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഇസ്മായില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്റെ മൊഴിയെടുത്തു. അതേസമയം, അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് ആരോപണം. പ്രതിപ്പട്ടികയിലുളളവര്‍ സി പി എം നേതാക്കളും പ്രവര്‍ത്തകരുമാണ്. എട്ടാം പ്രതി ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും അഞ്ചാം പ്രതി സുഹൈല്‍ ഡി വൈ എഫ് ഐ പാനൂര്‍ മേഖല ട്രഷററുമാണ്.

മന്‍സൂറിന്റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിമാന്‍ഡിലായ പ്രതി ഷിനോസിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ ഫോണിലുണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്‌സാപ്പ് വഴിയെന്നാണ് പൊലീസിന്റെ നിഗമനം. ഫോണില്‍ നിന്ന് നീക്കം ചെയ്ത മെസേജുകള്‍ തിരിച്ചെടുക്കാനായി സൈബര്‍ സെല്ലിന് കൈമാറി. കേസിലെ മുഖ്യപ്രതികളായ സുഹൈലിനെയും ശ്രീരാഗിനെയും ഈ ഫോണില്‍ നിന്ന് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.