കാസർകോട് ജില്ലയിൽ രണ്ടു മന്ത്രിമാർ പങ്കെടുത്ത കരുതലും കൈത്താങ്ങും പരിപാടി പ്രഹസനം:കല്ലട്ര മാഹിൻ ഹാജി

കാസർകോട് :രണ്ടു മന്ത്രിമാർ പങ്കെടുത്ത "കരുതലും കൈത്താങ്ങും" എന്ന പരിപാടി പ്രഹസനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
നൂറ് കണക്കിന് ആളുകളെ കാസർകോട് താലൂക്കിന്റെ പല ഭാഗങ്ങളിൽ നിന്നും വിളിച്ചു വരുത്തി ഒന്നുമില്ലെന്ന് പറയാനാണോ മന്ത്രിമാർ കൊട്ടിഘോഷിച്ച് ഈ പരിപാടി നടത്തിയതെന്ന് മാഹിൻ ഹാജി ചോദിച്ചു. സാധാരണക്കാർക്കും കാസർകോടിന് പൊതുവെയും ഏതുതരത്തിലുള്ള കൈത്താങ്ങും കരുതലുമാണ് ഈ പരിപാടിയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. വിരലിലെണ്ണാവുന്ന ആളുകൾക്ക് BPL കാർഡ് നൽകാൻ രണ്ടു മന്ത്രിമാരും പരിവാരങ്ങളും തിരുവനന്തപുരത്ത് നിന്ന് ഇങ്ങോട്ട് എഴുന്നള്ളിയത് പരിഹാസ്യമാണ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ലോകത്തിന് തന്നെ മാതൃകയാവുന്ന വിധത്തിൽ നടത്തിയ ജന സമ്പർക്കത്തെ ഇവർ എങ്ങനെ കളിയാക്കിയതെന്ന് കേരളീയർ മറന്നിട്ടില്ല. വില്ലേജ് ഓഫീസറുടെ പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പരിഹസിച്ചവർ ഇപ്പോൾ വില്ലേജ് ഓഫീസിലെ പ്യൂണിന്റെ പണിയാണെടുക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയും ഇപ്പോഴത്തെ ഇവരുടെ കണ്ണിൽ പൊടിയിടലും സാധാരണക്കാർക്ക് നല്ലതു പോലെയറിയാം. ജനോപകാരപ്രദമായ എത്രയോ നടപടികളും തീരുമാനങ്ങളുമാണ് ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ ഉണ്ടായത്. സാങ്കേതികത്വത്തിന്റെ പേരിൽ ഒരിക്കലും സാധാരണക്കാർക്ക് അനുഭവഭേദ്യമാകാതിരുന്ന പല പദ്ധതികളും ജനനന്മക്കായി ഉപയോഗപ്പെടുത്താൻ സാധിച്ചത് ജന സമ്പർക്ക പരിപാടിയിൽ നിന്ന് കിട്ടിയ അനുഭവത്തിന്റെ വെളിച്ചത്തിൽ മുഖ്യമന്ത്രിയെന്ന നിലയിൽ ഉമ്മൻചാണ്ടി പുറപ്പെടുവിച്ച നിരവധി സർക്കാർ ഉത്തരവുകളുടെ ഫലമായിട്ടായിരുന്നു. നാടിനെ തുറിച്ചു നോക്കുന്ന ഒരു പ്രശ്നവും കരുതലും കൈത്താങ്ങും തൊട്ടിട്ടില്ല. കാസർകോട് ജില്ല നേരിടുന്ന ആരോഗ്യ മേഖലയിലടക്കമുള്ള പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാൻ പോലും മന്ത്രിമാർക്ക് താത്പര്യമില്ലായിരുന്നു. ഇത് കരുതലും കൈത്താങ്ങുമല്ല, തികഞ്ഞ കാപട്യമാണെന്ന് മാഹിൻ ഹാജി പരിഹസിച്ചു.