അച്ഛനെയും മകളെയും ബൈക്കില്‍നിന്ന് തള്ളിയിട്ടു, മര്‍ദനം; പ്രതികളായ സഹോദരങ്ങള്‍ പിടിയില്‍

കൂടല്‍ സ്വദേശി അജിയെയും 13 വയസുള്ള മകളെയുമാണ് പ്രതികള്‍ ബൈക്കില്‍നിന്ന് തള്ളിയിട്ടത്.

അച്ഛനെയും മകളെയും ബൈക്കില്‍നിന്ന് തള്ളിയിട്ടു, മര്‍ദനം; പ്രതികളായ സഹോദരങ്ങള്‍ പിടിയില്‍

പത്തനംതിട്ട: കലഞ്ഞൂരില്‍ അച്ഛനെയും മകളെയും ബൈക്കില്‍നിന്ന് തള്ളിയിട്ട ശേഷം മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ രണ്ടുപേരും പിടിയില്‍. കുന്നിക്കോട് സ്വദേശികളായ രഞ്ജിത്, സഹോദരന്‍ ശ്രീജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.

കൂടല്‍ സ്വദേശി അജിയെയും 13 വയസുള്ള മകളെയുമാണ് പ്രതികള്‍ ബൈക്കില്‍നിന്ന് തള്ളിയിട്ടത്. പ്രതികളായ സഹോദരങ്ങളും അജിയും മകളും ബൈക്കുകളില്‍ ഒരേദിശയില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ പ്രതികളുടെ കൈയിലുണ്ടായിരുന്ന കിളിക്കൂട് പെണ്‍കുട്ടിയുടെ കാലില്‍ തട്ടി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സഹോദരങ്ങള്‍ ഇഞ്ചപ്പാറ ജങ്ഷനില്‍വെച്ച് അജിയെയും മകളെയും ബൈക്കില്‍നിന്ന് തള്ളിയിട്ടത്. ശേഷം മകളുടെ കണ്മുന്നില്‍വെച്ച് അജിയെ ക്രൂരമായി മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച നാട്ടുകാരെയും ഇവര്‍ അസഭ്യം പറഞ്ഞു.സംഭവസമയം സഹോദരങ്ങളായ രണ്ട് പ്രതികളും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുന്നിക്കോട് സ്വദേശികളായ ഇരുവരും തടിലോറിയിലെ ജീവനക്കാരനാണ്. അടുത്തിടെയാണ് ഇവര്‍ കൂടലില്‍ വാടകയ്ക്ക് താമസം ആരംഭിച്ചതെന്നും പോലീസ് പറഞ്ഞു.