മിന്നും സേവുകള്‍, രക്ഷകനായി ശ്രീജേഷ്; പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ജയത്തുടക്കം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മിന്നും സേവുകള്‍, രക്ഷകനായി ശ്രീജേഷ്; പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ജയത്തുടക്കം

ടോക്കിയോ: ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വിജയത്തുടക്കം. ഇന്ത്യ 3-2ന് ന്യൂസിലന്‍ഡിനെ തോല്‍പിച്ചു. മിന്നും സേവുകളുമായി മലയാളി ഗോളി പി ആര്‍ ശ്രീജേഷാണ് ഇന്ത്യക്ക് രക്ഷകനായത്. ഹര്‍മന്‍പ്രീത് സിംഗ് ഇരട്ട ഗോള്‍ നേടി. രുപീന്ദര്‍ പാല്‍ സിംഗാണ് മറ്റൊരു സ്‌കോറര്‍. വനിതാ ഹോക്കിയില്‍ ഇന്ത്യ വൈകിട്ട് 5.15ന് ലോക ഒന്നാം നമ്പര്‍ ടീമായ ഹോളണ്ടിനെ നേരിടും. 

ഇന്ത്യക്ക് പ്രതീക്ഷകളുടെ ദിനം

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് പ്രതീക്ഷകളുടെ ദിനമാണിന്ന്. പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളില്‍ സൗരഭ് ചൗധരിയും അഭിഷേക് വർമയും ഇറങ്ങും. യോഗ്യതാ റൗണ്ട് രാവിലെ 9.30ന് ആരംഭിക്കും. 12 മണിക്കാണ് ഫൈനല്‍. ഭാരോദ്വഹനത്തിൽ മീരാബായി ചാനുവിന് ഫൈനലുണ്ട്. രാവിലെ 10.20ന് ഫൈനല്‍ തുടങ്ങും. 

ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. മിക്‌സഡ് ടീം ഇനത്തിൽ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യമാണ് ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് സഖ്യത്തെ തോൽപ്പിച്ചു. രാവിലെ 11ന് തുടങ്ങുന്ന ക്വാര്‍ട്ടറില്‍ കരുത്തരായ കൊറിയയെ ഇന്ത്യ നേരിടും. 

വനിതാ ഷൂട്ടിംഗില്‍ നിരാശ

ഷൂട്ടിംഗില്‍ ഇന്ത്യയുടെ തുടക്കം നിരാശയോടെയായി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ ഇളവേനിൽ വാളരിവന്‍ 16 ഉം അപുർവി ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ വിജയിച്ച് ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണവും റഷ്യന്‍ താരം വെള്ളിയും സ്വിസ് താരം വെങ്കലവും നേടി.