വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപം; മൂന്ന് പേര്‍ അറസ്റ്റില്‍

വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപം; മൂന്ന് പേര്‍ അറസ്റ്റില്‍

മാഡ്രിഡ്: ലാ ലിഗ മത്സരത്തിനിടെ റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. 18-നും 21 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് മൂന്ന് പേരും. ചൊവ്വാഴ്ചയായിരുന്നു അറസ്റ്റ്. അതേസമയം ഇക്കഴിഞ്ഞ ജനുവരിയില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലന മൈതാനത്തിന് അടുത്തുള്ള പാലത്തില്‍ വിനീഷ്യസിന്റെ ഡമ്മി തൂക്കിലേറ്റിയ തരത്തില്‍ കണ്ടെത്തിയ സംഭവത്തിലും നാല് പേരെ പോലീസ് അറസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ലാ ലിഗയില്‍ റയല്‍ മാഡ്രിഡും വലന്‍സിയയും തമ്മില്‍ വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് വംശീയാധിക്ഷേപത്തിന് ഇരയായത്. മത്സരത്തിനായി ടീം ബസ് സ്റ്റേഡിയത്തില്‍ എത്തിയതു മുതല്‍ വലന്‍സിയ ആരാധക കൂട്ടം വിനീഷ്യസിനെ കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ തുടങ്ങിയിരുന്നു. വലന്‍സിയയുടെ ഔദ്യോഗിക ആരാധക കൂട്ടായ്മ മുഴുവനായും ഈ മോശം പെരുമാറ്റത്തില്‍ പങ്കുചേര്‍ന്നിരുന്നു. മൈതാനത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വിനീഷ്യസിന്റെ കാലില്‍ പന്ത് കിട്ടുമ്പോഴെല്ലാം സ്‌റ്റേഡിയത്തില്‍ കുരങ്ങ് വിളികള്‍ ഉയര്‍ന്നു. അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗാലറിയില്‍ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികള്‍ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. ആരാധകര്‍ കളിക്കാരെ അപമാനിക്കരുതെന്നും മൈതാനത്തേക്ക് വസ്തുക്കളൊന്നും വലിച്ചെറിയരുതെന്നും സ്റ്റേഡിയത്തില്‍ വിളിച്ചുപറഞ്ഞ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. എന്നാല്‍ ഇന്‍ജുറി ടൈമില്‍ വലന്‍സിയ താരം ഹ്യൂഗോ ഡ്യുറോയുമായി കയ്യാങ്കളിയിലേര്‍പ്പെട്ട വിനീഷ്യസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകുകയും ചെയ്തു. മത്സര ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി വിനീഷ്യസ് രംഗത്തെത്തി. ഇത് ആദ്യത്തെ സംഭാവമല്ലെന്നും ലാ ലിഗയില്‍ വംശീയാധിക്ഷേപം സാധാരണമാണെന്നും വിനീഷ്യസ് കുറിച്ചു. ഒരുകാലത്ത് റൊണാള്‍ഡീഞ്ഞ്യോ, റൊണാള്‍ഡോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരുടേതായിരുന്ന ഈ ചാമ്പ്യന്‍ഷിപ്പ് ഇപ്പോള്‍ വംശവെറിയന്‍മാരുടേതാണെന്നും വിനീഷ്യസ് തുറന്നടിച്ചു.