യുപിയിൽ ബിജെപി വിട്ട മൂന്നാമത്തെ മന്ത്രിയും എസ്പിയിൽ ചേർന്നു

ബിജെപി സഖ്യകക്ഷിയായ അപ്‌നാദൾ എംഎൽഎ ആർകെ വർമയും എസ്പി അംഗത്വമെടുത്തിട്ടുണ്ട്

യുപിയിൽ ബിജെപി വിട്ട മൂന്നാമത്തെ മന്ത്രിയും എസ്പിയിൽ ചേർന്നു

ദിവസങ്ങൾക്കുമുൻപ് ബിജെപി വിട്ട മന്ത്രിമാരിൽ മൂന്നാമത്തെയാളും സമാജ്‌വാദി പാർട്ടി(എസ്പി)യിൽ ചേർന്നു. യോഗി മന്ത്രിസഭയിൽ വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ദാരാ സിങ് ചൗഹാനാണ് എസ്പിയിൽ അംഗത്വമെടുത്തത്. ബിജെപി സഖ്യകക്ഷിയായ അപ്‌നാദൾ എംഎൽഎ ആർകെ വർമയും എസ്പിയിൽ ചേർന്നിട്ടുണ്ട്. മുൻ തൊഴിൽമന്ത്രി സ്വാമി പ്രസാദ് മൗര്യയും ഭക്ഷ്യ സുരക്ഷാ മന്ത്രിയായിരുന്ന ധരം സിങ് സൈനിയുമടക്കം ബിജെപി വിട്ട ആറ് നിയമസഭാ സാമാജികർ വ്യാഴാഴ്ച എസ്പിയുടെ ഭാഗമായിരുന്നു. വിവിധ പാർട്ടികൾ വിട്ട് എസ്പിയിൽ ചേർന്ന നേതാക്കളെ അഖിലേഷ് യാദവ് സ്വാഗതം ചെയ്തു. ഡൽഹിയിലും ലഖ്‌നൗവിലുമുള്ള ഇരട്ട എൻജിനുള്ള സർക്കാരുമായുള്ള പോരാട്ടമാണിതെന്ന് അഖിലേഷ് പറഞ്ഞു. വിധ്വംസരാഷ്ട്രീയം മാത്രമാണ് അവർ ചെയ്തിട്ടുള്ളത്. നമ്മൾ വികസനത്തിന്റെ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ചയാണ് ചൗഹാൻ ബിജെപി വിട്ടത്. സ്വാമി പ്രസാദ് മൗര്യയും വിവിധ എംഎൽഎമാരും രാജി പ്രഖ്യാപിച്ചതിനു പിറകെയായിരുന്നു ചൗഹാന്റെ രാജിയും. ഒബിസി വിഭാഗത്തിനിടയിൽ വലിയ സ്വാധീനമുള്ള ചൗഹാൻ മുൻപ് ലോക്‌സഭാ, രാജ്യസഭാ അംഗവുമായിരന്നു. 2017ൽ യാദവ ഇതര ഒബിസി വോട്ടുകൾ പിടിച്ചടക്കി അഖിലേഷിനെ പരാജയപ്പെടുത്താൻ ബിജെപിയെ സഹായിച്ച പ്രമുഖ നേതാക്കളിലൊരാണുമാണ്. മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യയ്ക്കും ധരം സിങ് സൈനിക്കും ചൗഹാനും പുറമെ എംഎൽഎമാരായ ഭഗവതി സാഗർ, വിനയ് ശാക്യ, മുകേഷ് വർമ, റോഷൻലാൽ വർമ എന്നിവരാണ് ബിജെപിയിൽനിന്ന് എസ്പിയിലേക്ക് കൂടുമാറിയത്. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് യുപി ബിജെപിയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ച് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ കൂട്ടരാജിയും കൂടുമാറ്റവും. സ്വാമി പ്രസാദ് മൗര്യയാണ് രാജിപരമ്പരയ്ക്ക് തുടക്കമിട്ടത്. പിന്നാലെ തിന്ദ്വാരിയിൽനിന്നുള്ള ബ്രജേഷ് കുമാർ പ്രജാപതി, ബിധുനയിൽനിന്നുള്ള ശാക്യ, തിഹാറിലെ റോഷൻ ലാൽ വർമ, ഷികോഹാബാദിലെ മുകേഷ് വർമ എന്നീ എംഎൽമാരും രാജിപ്രഖ്യാപിച്ചു. ധാരാസിങ് ചൗഹാനും രാജിപ്രഖ്യാപിച്ചതോടെ കടുത്ത ഞെട്ടലിലാണ് ബിജെപി ക്യാംപ്. രാജിവച്ച എംഎൽഎമാർ പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരാണെന്നത് തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു. ദലിത് പിന്നാക്ക വിഭാഗങ്ങളോട് ബിജെപി അവഗണന കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു എല്ലാവരുടെയും രാജി. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ കൈവിടാതിരുന്ന ദലിത് പിന്നാക്ക വിഭാഗം വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാകുമെന്ന ആശങ്ക ബിജെപിയെ അലട്ടുന്നുണ്ട്. ബിജെപി കൂടുവിടുന്നവരിൽ പലരും സമാജ്വാദി പാർട്ടിയിലേക്കാണ് പോകുന്നത്. പിന്നാക്ക വിഭാഗം വോട്ടുകൾ എസ്പിയിൽ ഏകീകരിച്ചാൽ തുടർവിജയം ബിജെപിക്ക് ബുദ്ധിമുട്ടാകും.

 

 

 

 

 

 

 

 

 

 

 

keywords: Kasaragod, kasaragodnews, kasaragodtimes, news, online portal, media, online newspaper, latest news