തടവിലായ ഇന്ത്യൻ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ​ഗിനി സൈന്യം,ഗുരുതര സാഹചര്യം,അടിയന്തര സഹായം തേടി ജീവനക്കാർ

മൂന്ന് മലയാളികൾ ഉൾപ്പെടെ പതിനാറ് ഇന്ത്യക്കാരാണ് കപ്പലിൽ ഉള്ളത്. ചരക്ക് കപ്പലിന് സാങ്കേതിക തകരാറാണെന്ന കാരണം പറഞ്ഞ് നീക്കം വൈകിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്

തടവിലായ ഇന്ത്യൻ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ​ഗിനി സൈന്യം,ഗുരുതര സാഹചര്യം,അടിയന്തര സഹായം തേടി ജീവനക്കാർ

ദില്ലി : സമുദ്രാതിർത്തി ലംഘിച്ചതിന് എക്വറ്റോറിയൽ ഗിനിയിൽ പിടികൂടിയ ഹീറോയിക്ക് ഇഡ്യൂൾ കപ്പലിന്റെ നിയന്ത്രണം ഗിനി സൈന്യം ഏറ്റെടുത്തു. കപ്പലും ജീവനക്കാരേയും എത് നിമിഷവും നൈജീരിയക്ക് കൈമാറാമെന്ന് കപ്പൽ ജീവനക്കാർ പറയുന്നു. കപ്പിലിന് അടുത്ത് നൈജീരിയൻ നാവിക സേനയുടെ കപ്പലും ഉണ്ട്. ഇന്ത്യയുടെ അടിയന്തര ഇടപെടലും സഹായവും വീണ്ടും അഭ്യ‍ർഥിക്കുകയാണ് കപ്പൽ ജീവനക്കാ‍ർ.സഹായം ആവശ്യപ്പെട്ടുള്ള വീഡിയോ ഇവർ വീണ്ടും പുറത്തുവിട്ടു, 

ഇവരുടെ മോചനത്തിന് ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് സിപിഎം എംപിമാർ കത്ത് നൽകിയിരുന്നു. എംപിമാരായ വി ശിവദാസൻ, എ എ റഹീം എന്നിവരാണ് കത്തയച്ചത്. ഇന്ത്യക്കാരായ ജീവനക്കാരുടെ മോചനത്തിനായി ഇടപെടുമെന്ന് തമിഴ്നാട് മന്ത്രി ജിങ്കി മസ്താനും ട്വീറ്റ് ചെയ്തു. ബന്ദികൾ ആക്കപ്പെട്ട 16 ഇന്ത്യക്കാരിൽ തമിഴ്നാട് സ്വദേശികളുമുണ്ട്.

മൂന്ന് മലയാളികൾ ഉൾപ്പെടെ പതിനാറ് ഇന്ത്യക്കാരാണ് കപ്പലിൽ ഉള്ളത്. ചരക്ക് കപ്പലിന് സാങ്കേതിക തകരാറാണെന്ന കാരണം പറഞ്ഞ് നീക്കം വൈകിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബലം പ്രയോഗിച്ച്  അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ്  ജീവനക്കാർ പറയുന്നത്.

എംബസി വഴി ഇടപെടുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. എന്നാൽ കപ്പൽ ജീവനക്കാരുടെ മോചനത്തിനുള്ള വഴി ഇനിയും സാധ്യമായിട്ടില്ല. നൈജീരിയൻ നാവികസേന അറസ്റ്റ് ചെയ്താൽ വലിയ അപകടത്തിലേക്ക് കാര്യങ്ങൾ പോകുമെന്നാണ് കപ്പൽ ജീവനക്കാരുടെ ആശങ്ക. മലയാളികൾ ഉൾപ്പെടെയുള്ള പലർക്കും പല തവണ ടൈഫോയിഡും മലേറിയയും ബാധിച്ചിട്ടുണ്ട്. 

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് നൈജീരിയയുടെ സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ആഫ്രിക്കൻ രാജ്യമായ എക്വിറ്റോറിയൽ ഗിനി കപ്പൽ ജീവനക്കാരെ അറസ്റ്റ് ചെയ്തതത്. കമ്പനി പിഴയടച്ചെങ്കിലും ജീവനക്കാരെ വിടാതെ നൈജീരയക്ക് കൈമാറാനായിരുന്നു എക്വറ്റോറിയൽ ഗിനിയുടെ തീരുമാനം. സ്ത്രീധനപ്രശ്നത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്.