കാസര്‍കോട്ടെ വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കാന്‍ അധ്യാപക വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനുള്ള ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നിര്‍ദേശത്തിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്ത്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോട്ടെ വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കാന്‍ അധ്യാപക വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനുള്ള ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നിര്‍ദേശത്തിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്ത്‌

കാസർകോട്: വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കാൻ അധ്യാപക വിദ്യാർഥികളെ ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നിർദേശത്തിനെതിരേ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ രംഗത്ത്. നിയമന ഉത്തരവ് ലഭിച്ചതും നിയമന ശുപാർശ ലഭിച്ചവരും പി.എസ്.സി. റാങ്ക് പട്ടികയിൽ ഉള്ളവരുടെയും ജോലിക്കുള്ള അവകാശം ലംഘിക്കുന്നതാണ് വിദ്യാഭ്യാസ സമിതിയുടെ നിർദേശമെന്നാണ് അധ്യാപകസംഘടനകളുടെ ആരോപണം.

എന്നാൽ ബി.എഡ്., ടി.ടി.സി. കോഴ്‌സ് കഴിഞ്ഞ അധ്യാപക വിദ്യാർഥികളെ ഉപയോഗിക്കുന്നത് ഓൺലൈൻ ക്ലാസ് എടുക്കാനല്ലെന്നും വിദ്യാർഥികൾക്ക് പഠനപിന്തുണ നൽകാൻ മാത്രമാണെന്നുമാണ് ഡി.ഡി.ഇ. കെ.വി.പുഷ്പ നൽകുന്ന വിശദീകരണം. നിലവിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ ജോലിഭാരം ലഘൂകരിക്കാനും വീടിനകത്ത് തന്നെ ഒതുങ്ങിയ വിദ്യാർഥികൾക്ക് മാനസിക പിന്തുണ നൽകാനും ഇതിലൂടെ സാധിക്കും.


നിലവിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. വിദ്യാഭ്യാസ സമിതിയിൽ നിർദേശം ഉയരുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഡി.ഡി.ഇ. കൂട്ടിച്ചേർത്തു.

അന്തിമ തീരുമാനമായിട്ടില്ല -കെ.എസ്.ടി.എ.


അധ്യാപക വിദ്യാർഥികളെവച്ച് ഓൺലൈൻ വിദ്യാഭ്യാസത്തിന് താത്കാലിക സംവിധാനമെന്ന രീതിയിലാണ് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിൽ ഈ നിർദേശം മുന്നോട്ടുവച്ചത്. ഇതിൽ ജില്ലാ വിദ്യാഭ്യാസ സമിതി ഔദ്യോഗികമായി അന്തിമ തീരുമാനമെടുത്തിട്ടില്ല. ജില്ലയിലെ അധ്യാപകക്ഷാമം പരിഹരിക്കുന്നതിന് സർക്കാർതലത്തിൽ സംഘടന ഇടപെടുന്നുണ്ട്. പി.എസ്.സി. വഴി ഉത്തരവ് ലഭിച്ച അധ്യാപകരെ സർവീസിൽ എടുക്കാനുള്ള ഇടപെടലുകളും സംഘടന നടത്തുന്നുണ്ട്.

നിർദേശം പിൻവലിക്കണം- കെ.പി.എസ്.ടി.എ.

കുട്ടികളെ പഠിപ്പിക്കാൻ യോഗ്യത നേടിയതും മത്സരപ്പരീക്ഷയിലൂടെ റാങ്ക് പട്ടികയിൽ ഇടം നേടി അഭിമുഖം കഴിഞ്ഞ് നിയമനം കാത്ത് കഴിയുന്നവരെ അപമാനിക്കുന്ന രീതിയിലുള്ള ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നിർദേശം പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി. കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടാനും ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കാനുമുള്ള അവകാശങ്ങളെ മറികടന്നാണ് വിദ്യാഭ്യാസ സമിതിയുടെ ഈ നിർദേശം. കൃത്യമായ കൂടിയാലോചനകൾക്കുശേഷം മാത്രമേ ഇതിൽ അന്തിമതീരുമാനം എടുക്കാവൂ എന്നും സംഘടന അഭിപ്രായപ്പെട്ടു.


നിയമനം അട്ടിമറിക്കാനുള്ള നീക്കം-കെ.എസ്.ടി.യു.

ജില്ലയിൽ സർക്കാർ എയ്ഡഡ് മേഖലയിൽ നിരവധി അധ്യാപകരാണ് പി.എസ്.സി. വഴിയും മറ്റും നിയമനാംഗീകാരത്തിനായി കാത്തിരിക്കുന്നത്. അധ്യാപകക്ഷാമം പരിഹരിക്കാൻ മതിയായ യോഗ്യത ഇല്ലാത്തവരെ ബദൽ സംവിധാനം ഒരുക്കാനായി നിയമിക്കാൻ ഒരുങ്ങുന്നത് അധ്യാപക നിയമനത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് കെ.എസ്.ടി.യു. ജില്ലാ കമ്മിറ്റി ആരോപിച്ചു.

യോഗ്യതയുള്ളവരെ നിയമിക്കണം- എ.കെ.എസ്.ടി.യു.

ഓൺലൈൻ പഠനപിന്തുണയ്ക്കായി നിശ്ചിത യോഗ്യത പൂർത്തിയാക്കാത്തവരെ നിയോഗിക്കാനുള്ള ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നിർദേശം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പിറകോട്ട് വലിക്കുന്നതാകുമെന്ന് എ.കെ.എസ്.ടി.യു. ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലയിൽ ആയിരത്തോളം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുമുണ്ട്. നൂറുകണക്കിന് അധ്യാപകർ നിയമനം കാത്തു നിൽക്കെയുള്ള ഈ തീരുമാനം ആരെ സഹായിക്കാനാണെന്ന് വിദ്യാഭ്യാസ അധികൃതർ വ്യക്തമാക്കണം. ഓൺലൈൻ പഠന പിന്തുണ ഉറപ്പാക്കാൻ ഒഴിവുള്ള മുഴുവൻ തസ്തികകളിലും നിയമനം നടത്തുകയാണ് വേണ്ടത്.

കുട്ടിയുടെ അവകാശലംഘനം-എൻ.ടി.യു.

അധ്യാപക ഒഴിവ് നികത്താൻ അധ്യാപക പരിശീലനകേന്ദ്രങ്ങളിലെ വിദ്യാർഥികളെ നിയമിക്കാനുള്ള ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നിർദേശം ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കാനുള്ള കുട്ടിയുടെ അവകാശം ലംഘിക്കുന്നതാണെന്ന് എൻ.ടി.യു. ജില്ലാ കമ്മിറ്റി.


നിയമന ഉത്തരവ് ലഭിച്ച് മാസങ്ങളായി കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ് ഈ നിർദേശം. ഇവരെ താത്കാലികമായെങ്കിലും നിയമിച്ച് അധ്യാപക ക്ഷാമം പരിഹരിക്കുന്നതിന് പകരം കുറുക്കുവഴിയിലൂടെ അധ്യാപക ഒഴിവ് നികത്താനുള്ള നീക്കം അപലപനീയമാണ്.

അധ്യാപകക്ഷാമം പരിഹരിക്കണം- എച്ച്.എസ്.എസ്.ടി.എ.

ഓൺലൈൻ ക്ലാസുകൾ തുടങ്ങിയിട്ടും അധ്യാപകരെ നിയമിക്കാതെ സർക്കാർ ഒളിച്ചുകളിക്കുകയാണ്. ഒഴിവുള്ള തസ്തികയിൽ യോഗ്യരായവരെ നിയമിച്ച് അധ്യാപക ക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് എച്ച്.എസ്.എസ്.ടി.എ. ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.


ഇതിനുപകരം അധ്യാപക വിദ്യാർഥികളെ ഉപയോഗിക്കുന്നത് നീതീകരിക്കാനാവില്ല.