ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം; സര്‍ക്കാരിനെതിരേ ആക്ഷേപം, അന്വേഷണത്തിന് ഉത്തരവിട്ടു

ഹാള്‍ ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം; സര്‍ക്കാരിനെതിരേ ആക്ഷേപം, അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: കര്‍ണാടകയില്‍ അധ്യാപന നിയമനത്തിനുള്ള ഉദ്യോഗാര്‍ഥിയുടെ പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം ഉള്‍പ്പെട്ടതായി ആക്ഷേപം. ഹാള്‍ ടിക്കറ്റില്‍ ഉദ്യോഗാര്‍ഥിയുടെ ചിത്രം നല്‍കേണ്ട ഭാഗത്താണ് സണ്ണി ലിയോണിന്റെ ചിത്രം കയറിക്കൂടിയത്. ഹാള്‍ ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയ്ക്ക് പകരം ഹാള്‍ ടിക്കറ്റില്‍ മുന്‍ പോണ്‍ താരം സണ്ണി ലിയോണിന്റെ ചിത്രം അച്ചടിച്ചത് വിദ്യാഭ്യാസ വകുപ്പാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ബിആര്‍ നായിഡു ട്വീറ്റ് ചെയ്തു. നിയമസഭയ്ക്കുള്ളില്‍ പോലും നീലച്ചിത്രങ്ങള്‍ കണ്ട പാര്‍ട്ടിയില്‍നിന്ന് ഇതെല്ലാം പ്രതീക്ഷീക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ അതേപടിയാണ് ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിസി നാഗേഷിന്റെ ഓഫീസ് പ്രതികരിച്ചു. സണ്ണി ലിയോണിന്റെ ചിത്രമായിരുന്നോ ഹാള്‍ ടിക്കറ്റില്‍ നല്‍കിയതെന്ന് ഉദ്യോഗാര്‍ഥിയോട് ചോദിച്ചപ്പോള്‍ അവരുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തതെന്നാണ് അവര്‍ മറുപടി നല്‍കിയതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.