‘നേഹൽ വധേരയും തിലക് വർമയും അടുത്ത സൂപ്പർ താരങ്ങളാവും, അപ്പോൾ ഞങ്ങൾ സൂപ്പർ സ്റ്റാർ ടീമാണെന്ന് നിങ്ങൾ പറയും;’ ഹാർദിക് പാണ്ഡ്യക്ക് മറുപടിയുമായി രോഹിത് ശർമ: വിഡിയോ

മുംബൈ ഇന്ത്യൻസ് സൂപ്പർ താരങ്ങളെ വാങ്ങി നേട്ടങ്ങൾ സ്വന്തമാക്കുന്ന ക്ലബ് ആണെന്ന ഹാർദിക് പാണ്ഡ്യയുടെ ആരോപണത്തിനു മറുപടിയുമായി ടീം ക്യാപ്റ്റൻ രോഹിത് ശർമ. സീസണിൽ മുംബൈക്കായി ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന രണ്ട് താരങ്ങളുടെ പേരെടുത്തുപറഞ്ഞാണ് രോഹിതിൻ്റെ മറുപടി. ഇന്ന് നടക്കാനിരിക്കുന്ന ഐപിഎൽ എലിമിനേറ്ററിനു മുന്നോടി ആയി ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രോഹിത് ഹാർദികിനു മറുപടി നൽകിയത്.
“ബുംറ, ഹർദിക് തുടങ്ങിയ കളിക്കാരുടെ കഥ പോലെയാവും. അതുപോലെയുള്ള കാര്യങ്ങളാവും തിലക് വർമ, നേഹൽ വധേര അടക്കമുള്ള താരങ്ങൾക്കും സംഭവിക്കാൻ പോകുന്നത്. അടുത്ത രണ്ട് വർഷത്തിനു ശേഷം ആളുകൾ പറയും, ‘ഇത് സൂപ്പർ സ്റ്റാർ ടീം ആണല്ലോ’ എന്ന്. ഞങ്ങൾ ഇവിടെ സൂപ്പർ താരങ്ങളെ ഉണ്ടാക്കുകയാണ്. ഞങ്ങൾ അവരെ കണ്ടെത്തുകയാണ്. ഈ രണ്ട് പേർ ഞങ്ങൾക്കും ഇന്ത്യക്കും മികച്ച താരങ്ങളാവും.”- രോഹിത് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുൻപ് ഗുജറാത്ത് ടൈറ്റൻസ് പോഡ്കാസ്റ്റിലാണ് ഹാർദിക് പാണ്ഡ്യ വിവാദ പ്രസ്താവന നടത്തിയത്. മുംബൈ ഇന്ത്യൻസ് പണമെറിഞ്ഞ് മികച്ച താരങ്ങളെ സ്വന്തമാക്കിയാണ് കിരീടം നേടുന്നത് എന്നും ചെന്നൈ സൂപ്പർ കിംഗ്സ് സൂപ്പർ താരങ്ങളെ ഉണ്ടാക്കുകയാണ് എന്നുമായിരുന്നു ഹാർദികിൻ്റെ പ്രസ്താവന. ഈ പ്രസ്താവന അന്ന് തന്നെ ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു.
എലിമിനേറ്ററിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇതുവരെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ലക്നൗവിനൊപ്പമായിരുന്നു. ഇതേ ഹെഡ് ടു ഹെഡ് റെക്കോർഡുമായി ഇന്നലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ നേരിട്ട ചെന്നൈ ജയം നേടി ഫൈനലിൽ പ്രവേശിച്ചു. എന്നാൽ, കരുത്തുറ്റ സ്പിൻ ഡിപ്പാർട്ട്മെൻ്റുമായി എത്തുന്ന ലക്നൗ മുംബൈ ഇന്ത്യൻസിന് കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് വിജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.