ജിയോ പണിമുടക്കിയെന്ന് റിപ്പോർട്ട്; ട്വിറ്ററില്‍ ട്രെൻഡിങ്ങായി 'ജിയോ ഡൗൺ'

കോളുകൾ കണക്ടാവുന്നില്ലെന്നും മെസേജുകൾ അയക്കാനാകുന്നില്ലെന്നുമുള്ള പരാതിയുമായി നിരവധി പേർ രം​ഗത്ത് വന്നതോടെ ട്വിറ്ററിൽ സംഭവം ട്രെൻഡിങായി. ​#ജിയോഡൗൺ എന്ന ഹാഷ്ടാ​ഗോടെയാണ് ട്വിറ്ററില്‍ പ്രതികരണങ്ങള്‍ നിറഞ്ഞത്.

ജിയോ പണിമുടക്കിയെന്ന് റിപ്പോർട്ട്; ട്വിറ്ററില്‍ ട്രെൻഡിങ്ങായി 'ജിയോ ഡൗൺ'

ദില്ലി: റിലയൻസ് ജിയോ നെറ്റ്‍വര്‍ക്ക് പണിമുടക്കിയതായി റിപ്പോർട്ട്. ടെലികോം സർവീസ് പ്രൊവൈഡറായ റിലയൻസ് ജിയോയുടെ മൊബൈൽ സേവനങ്ങൾ  തടസപ്പെട്ടതായുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പലർക്കും കാര്യം പിടികിട്ടിയത്. കോളുകൾ കണക്ടാവുന്നില്ലെന്നും മെസേജുകൾ അയക്കാനാകുന്നില്ലെന്നുമുള്ള പരാതിയുമായി നിരവധി പേർ രം​ഗത്ത് വന്നതോടെ ട്വിറ്ററിൽ സംഭവം ട്രെൻഡിങായി. ​#ജിയോഡൗൺ എന്ന ഹാഷ്ടാ​ഗോടെയാണ് ട്വിറ്ററില്‍ പ്രതികരണങ്ങള്‍ നിറഞ്ഞത്.  മൂന്ന് മണിക്കൂറോളം ജിയോ സേവനങ്ങള്‍ തടസപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
ഇന്ന് രാവിലെ ആറ് മണി മുതൽ ഒമ്പത് മണി വരെ സേവനങ്ങൾ തടസപ്പെട്ടതായാണ് ട്വീറ്റുകളില്‍ പറയുന്നത്. ദില്ലി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു, കൊൽക്കത്ത എന്നീ നഗരങ്ങളിൽ നിന്നാണ് കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൗൺഡിറ്റക്ടർ വെബ്സൈറ്റിൽ പറയുന്ന കണക്കനുസരിച്ച് 37 ശതമാനം വരിക്കാർക്ക് മൊബൈൽ സിഗ്നൽ ലഭിക്കുന്നില്ലെന്ന് പരാതി ലഭിച്ചിട്ടുണ്ട്. കോൾ ചെയ്യാനോ മെസേജുകളയക്കാനോ സാധിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. 25 ശതമാനം പേർക്ക് ഇന്ററ്‍നെറ്റ് കണക്ഷൻ ലഭ്യമായില്ല. 

പല ഉപയോക്താക്കളുടെയും നെറ്റുപയോ​ഗത്തിന് തടസങ്ങളുണ്ടായിരുന്നില്ല.  കോളിംഗ്, എസ്എംഎസ് സേവനങ്ങൾക്ക് മാത്രമാണ് തടസം നേരിട്ടത്. പലർക്കും വിവിധ പ്ലാറ്റ്‌ഫോമുകളിലെ ടു-ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിച്ചുള്ള  ഒടിപികൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ പ്രശ്നങ്ങൾ ഇപ്പോൾ പരിഹരിച്ചതായാണ് സൂചന. തടസ്സപ്പെടാനുള്ള കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. ഇതെ വർഷത്തിൽ തന്നെ പലതവണ സമാനമായ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ന് മുമ്പ് ഒക്ടോബർ, ജൂൺ, ഫെബ്രുവരി മാസങ്ങളിൽ ഡാറ്റയും കോളുകളും ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിരുന്നു.

ട്രൂ 5ജി സേവനങ്ങൾ നൽകുന്ന ഏക ഓപ്പറേറ്റർമാർ തങ്ങളാണെന്ന പ്രഖ്യാപനവുമായി അടുത്തിടെ റിലയൻസ് ജിയോ രം​ഗത്ത് വന്നിരുന്നു. ദില്ലി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവയുൾപ്പെടെ ദില്ലി-എൻസിആർ മേഖലയിലുടനീളം നൽകുന്ന സേവനങ്ങളെ കുറിച്ചാണ് ജിയോ പ്രഖ്യാപനം നടത്തിയത്. ഏറ്റവും നൂതനമായ ട്രൂ 5ജി  നെറ്റ്‌വർക്ക് അതിവേഗം തങ്ങൾ പുറത്തിറക്കുകയാണെന്ന് ജിയോ പറഞ്ഞു.ദേശീയ തലസ്ഥാനത്തിന്റെയും എൻസിആർ മേഖലയുടെയും ഭൂരിഭാഗവും കവർ ചെയ്യുന്നുവെന്നത്  അഭിമാനകരമായ കാര്യമാണ്. എല്ലാ ഇന്ത്യക്കാരിലും ട്രൂ 5ജി  എത്തിക്കാൻ ജിയോ എഞ്ചിനീയർമാർ 24 മണിക്കൂറും പരിശ്രമിക്കുന്നുണ്ട്.