എന്‍എസ്എസിനെതിരായ സിപിഎം വിരട്ടല്‍ വിലപ്പോകില്ല; യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടുമെന്ന് ചെന്നിത്തല

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

എന്‍എസ്എസിനെതിരായ സിപിഎം വിരട്ടല്‍ വിലപ്പോകില്ല; യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടുമെന്ന് ചെന്നിത്തല

ആലപ്പുഴ(www.kasaragodtimes.com 07.04.2021): നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് ദുര്‍ഭരണത്തിനെതിരെ ജനം വിധിയെഴുതിക്കഴിഞ്ഞു. വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ വിലപ്പോയില്ല. ഇത് യുഡിഎഫിന്‍റെ ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണ്. പിണറായി വീണ്ടും അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി നശിക്കും എന്ന് വിശ്വസിക്കുന്നവര്‍ പോലും യുഡിഎഫിന് ഇത്തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.
കള്ളവോട്ടും ഇരട്ടവോട്ടും ഫലപ്രദമായി തടയാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. വ്യാജ വോട്ടുകള്‍ തടയാന്‍ നല്ല നിലപാടുകള്‍ സ്വീകരിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷനേയും ഹൈക്കോടതിയേയും അഭിനന്ദിക്കുന്നു.
കുറ്റമറ്റ വോട്ടര്‍പട്ടിക തയ്യാറാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്ന് ചെന്നിത്തല. തളിപ്പറമ്ബ് മണ്ഡലത്തില്‍ ബൂത്ത് പിടുത്തം നടന്നിട്ടുണ്ടെന്നും റി പോളിംങ് വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നാട്ടില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ നടപടി വേണം. സിപിഎം വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണ്. കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ നടുക്കവും ദുഖവും രേഖപ്പെടുത്തുന്നു. ഹരിപ്പാട്ടും കായംകുളത്തും സിപിഎം വ്യാപകമായ അക്രമം നടത്തി. യുഡിഎഫിനെ പിന്തുണക്കുന്നവരെ വിരട്ടാമെന്ന ചിന്താഗതിയാണ് സിപിഎമ്മിന്.
എന്‍എസ്‌എസിനെതിരായ ഇടത് നിലപാട് അതിന്‍റെ ഭാഗമായാണ്. എന്‍എസ്‌എസിനെ ഭീഷണിപ്പെടുത്താന്‍ സിപിഎം നോക്കി, അത് നടന്നില്ല . എന്‍എസ്‌എസ് അവരുടെ നിലപാട് അത് തുറന്നു പറയുമ്ബോള്‍ അവരെ ഭീഷണിപ്പെടുത്താന്‍ ആണ് ശ്രമിക്കുന്നത്. അതൊന്നും ചെലവാകില്ല . അങ്ങനെ ആരും ആരെയും വിരട്ടാന്‍ നോക്കേണ്ടന്നും അയ്യപ്പന്‍റെ പേര് ഉപയോഗിച്ചതിനാണ് എന്‍എസ്‌എസിനെതിരെ എകെ ബാലന്‍റെ പരാതിയെങ്കില്‍ ആദ്യം പരാതി നല്‍കേണ്ടത് പിണറായി വിജയന് എതിരെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.