മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച

മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും. ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളിലെ അധികൃതര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലാണ് വ്യാഴാഴ്ച റമദാന്‍ നോമ്പിന് തുടക്കമാവുന്നത്. ഒമാനില്‍ നാളെ മാസപ്പിറവി ദൃശ്യമായാല്‍ അവിടെയും വ്യാഴാഴ്ചയായിരിക്കും റമദാന് തുടക്കമാവുന്നത്. 

ചൊവ്വാഴ്ച സൗദി അറേബ്യയില്‍ എവിടെയും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട് റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് തുമൈര്‍, സുദൈര്‍ എന്നീ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിലെ മാസപ്പിറവി സമിതി അറിയിച്ചു. റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച റമദാന്‍ മാസാരംഭം കുറിക്കുക. ചൊവ്വാഴ്ച സൂര്യാസ്തമയ ശേഷം മാസപ്പിറവി നിരീക്ഷിക്കണമെന്ന് നേരത്തെ സൗദി സുപ്രീം കോടതി അറിയിച്ചിരുന്നു. 

നഗ്‌ന നേത്രങ്ങൾ കൊണ്ടോ ദൂരദർശനിയിലൂടെയോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെയോ അനുബന്ധ കേന്ദ്രങ്ങളെയോ അറിയിക്കാനായിരുന്നു നിർദേശം. അതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടെയും മാസപ്പിറവി നിരീക്ഷണം നടത്താനുള്ള സൗകര്യം ചെയ്തിരുന്നെങ്കിലും എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമായില്ല. 

മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും മാസപ്പിറവി നിരീക്ഷിക്കാന്‍ വിശ്വാസിക്കളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഒമാനില്‍ നാളെയാണ് ശഅ്ബാന്‍ 29 ആയി കണക്കാക്കുന്നത്. രാജ്യത്ത് നാളെ മാസപ്പിറവി നിരീക്ഷിക്കും. മാസപ്പിറവി ദൃശ്യമായാല്‍ വ്യാഴാഴ്ച മറ്റ് ഗള്‍ഫ് രാജ്യങ്ങളോടൊപ്പം റമദാന്‍ വ്രതം ആരംഭിക്കുന്നു. നാളെ മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ വെള്ളിയാഴ്ചയായിരിക്കും ഒമാനിലെ വ്രതാരംഭം.