'അഹിംസയും സത്യവുമാണ് എന്‍റെ മതത്തിന്റെ അടിസ്ഥാനം, സത്യമാണ് ദൈവം'; ഗാന്ധിജിയുടെ വാചകം ട്വീറ്റ് ചെയ്ത് രാഹുൽ

'അഹിംസയും സത്യവുമാണ് എന്‍റെ മതത്തിന്റെ അടിസ്ഥാനം, സത്യമാണ് ദൈവം'; ഗാന്ധിജിയുടെ വാചകം ട്വീറ്റ് ചെയ്ത് രാഹുൽ

ദില്ലി:  മാനനഷ്ടക്കേസിൽ സൂറത്ത് കോടതി വിധിക്ക് പിന്നാലെ ആദ്യ പ്രതികരണമായി മഹാത്മാ ഗാന്ധിയുടെ വാചകം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'അഹിംസയും സത്യവുമാണ് എന്റെ മതത്തിന്റെ അടിസ്ഥാനം', 'സത്യമാണ് ദൈവം, അഹിംസ ആ സത്യത്തിലേക്കുള്ള മാർഗവും' എന്ന ഗാന്ധിജിയുടെ വാചകമാണ് രാഹുൽ ട്വിറ്ററിലൂടെ പങ്കുവച്ചത്. രാഹുൽ ഗാന്ധിക്ക് എതിരായ നീക്കം എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ ശ്രമമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.

2019ൽ കർണാടകയിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. മാനനഷ്ടക്കേസില്‍ കോൺഗ്രസിന് തിരിച്ചടിയായി രാഹുല്‍ ഗാന്ധിയുടെ ശിക്ഷ. രാഹുലിനെ അയോഗ്യനാക്കണമെന്ന ആവശ്യം പാര്‍ലമെന്‍റ് അവകാശ സമിതിയിക്ക് മുന്‍പാകെ ഭരണപക്ഷം ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് അയോഗ്യതയിലേക്ക് നയിച്ചേക്കാവുന്ന വിധി സൂറത്ത് കോടതി പുറപ്പെടുവിച്ചത്. വിദേശത്ത് നടത്തിയ പ്രസംഗത്തിന് ശേഷം എങ്ങനെയും രാഹുലിനെ പ്രതിരോധത്തിലാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ആക്കം പകരുന്നതാകും കോടതിയുടെ നടപടി.

കുറ്റക്കാരനാണെന്ന വിധി മേല്‍ക്കോടതി മരവിപ്പിക്കും വരെ രാഹുലിന്‍റെ എംപി സ്ഥാനം തുലാസിലാണ്. ശിക്ഷാവിധിക്ക് പിന്നാലെ നേതാക്കള്‍ പാര്‍ലമെന്‍റില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികളെ കുറിച്ച് ആലോചിച്ചു. മാപ്പ് പറയില്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതല്‍ രാഹുല്‍ ഗാന്ധി. ഗാന്ധി പേടിക്കില്ലെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അതേസമയം സൂറത്ത് കോടതി വിധി കേന്ദ്രസര്‍ക്കാരിന് ആയുധമാകുകയാണ്.