രാഹുലിനെ കാണാന്‍ സദ്ദാമിനെപ്പോലെയുണ്ട്; തിരഞ്ഞെടുപ്പില്ലാത്ത സ്ഥലത്തുമാത്രം പോകും - അസം മുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളിൽ മാത്രമാണ് രാഹുൽ ഗാന്ധി പോകുന്നത്. കാരണം അദ്ദേഹത്തിന് പരാജയ ഭീതിയാണെന്ന് ഹിമന്ത ബിശ്വ

രാഹുലിനെ കാണാന്‍ സദ്ദാമിനെപ്പോലെയുണ്ട്; തിരഞ്ഞെടുപ്പില്ലാത്ത സ്ഥലത്തുമാത്രം പോകും - അസം മുഖ്യമന്ത്രി

അഹമ്മദബാദ്: രാഹുൽ ഗാന്ധിയെ മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോട് ഉപമിച്ച് അസം മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ഹിമന്ത ബിശ്വശർമ. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിലെ ബിജെപി സ്ഥാനാർഥിക്ക് വേണ്ടി നടന്ന പൊതുയോഗത്തിൽ വെച്ചായിരുന്നു പരാമർശം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനത്തെയും ശർമ്മ പരിഹസിച്ചു. വിസിറ്റിങ് പ്രൊഫസറെ പോലെയാണ് രാഹുൽ ഗാന്ധി സംസ്ഥാനത്ത് സന്ദർശനം നടത്തിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹിമാചൽ പ്രദേശിൽ രാഹുൽ ഗാന്ധി പ്രചാരണംപോലും നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളിൽ മാത്രമാണ് രാഹുൽ ഗാന്ധി പോകുന്നത്. കാരണം അദ്ദേഹത്തിന് പരാജയ ഭീതിയാണെന്ന് ഹിമന്ത ബിശ്വ ആരോപിച്ചു.

ഭാരത് ജോഡോ യാത്രയിൽ ബോളിവുഡ് താരങ്ങളായ പൂജാ ഭട്ടും, അമോൽ പലേക്കറടക്കമുള്ളവർ പങ്കെടുത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. പണം നൽകിയിട്ടാണ് അവരെയെല്ലാം പങ്കെടുപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.