കര്‍ണാടകയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്ക് ഒമിക്രോണ്‍? രാജ്യത്ത് കാണാത്ത വകഭേദമെന്ന് കര്‍ണാടക

കര്‍ണാടകയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്ക് ഒമിക്രോണ്‍? രാജ്യത്ത് കാണാത്ത വകഭേദമെന്ന് കര്‍ണാടക

ബംഗ്ലൂരു: കര്‍ണ്ണാടകയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയില്‍ സ്ഥിരീകരിച്ച കൊവിഡ് വൈറസ് വകഭേദം ഒമിക്രോണ്‍ (Omicron ) ആണോ എന്നതില്‍ വ്യക്തതയില്ല.ഒമിക്രോണ്‍ വകഭേദമാണോ എന്നതില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രസഹായം തേടി.

കഴിഞ്ഞ 20 -ാം തിയ്യതി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗ്ലുരുവിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാളെ ബാധിച്ചിരിക്കുന്നത് ഡെല്‍റ്റ വകഭേദമാണെന്ന് കണ്ടത്തി. എന്നാല്‍ ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാണ് മറ്റേയാളെ ബാധിച്ചിരിക്കുന്നത്. ഇത് ഏതെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഐസിഎമ്മാറിന്‍റെ സഹായം തേടിയിരിക്കുന്നത്. ഇതുവരെ രാജ്യത്ത് കാണാത്ത വകഭേദമാണെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ഐസിഎംആറിന്റെ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരണം നല്‍കാന്‍ കഴിയൂ. 63 കാരനുമായി സമ്ബര്‍ക്കത്തില്‍ വന്ന മുഴുവന്‍ പേരെയും പരിശോധിക്കുമെന്നും നിരീക്ഷണത്തിലാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.അതേ സമയം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തി കൊവിഡ് സ്ഥിരീകരിച്ച ഡോംബിവലി സ്വദേശിക്ക് നിലവില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. കല്യാണിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇയാളുടെ സ്രവം ജിനോം സീക്വന്‍സിംഗിന് അയച്ചിരിക്കുകയാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 99 പേര്‍ മുംബൈയില്‍ മാത്രം നിരീക്ഷണത്തിലുണ്ട്.ഡെല്‍റ്റ വകഭേദത്തേക്കാള്‍ ആറിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ സ്രവ പരിശോധന കര്‍ശനമാക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷം ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.