9 വയസുകാരിയെ നിലത്തെറിഞ്ഞ സംഭവം; 'സൈക്കോ' അബൂബക്കറിന് മാനസിക പ്രശ്നം ഉള്ളതായി അറിയില്ലെന്ന് പോലീസ്

കഴിഞ്ഞ ദിവസം രാവിലെ 7.20നാണ് മദ്രസ വിട്ട് വരികയായിരുന്ന പെൺകുട്ടിയെ ഇയാൾ യാതൊരു പ്രകോപനവും ഇല്ലാതെ എടുത്ത് എറിഞ്ഞത്. റോഡിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്കെത്തിയ അബൂബക്കർ സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നു

9 വയസുകാരിയെ നിലത്തെറിഞ്ഞ സംഭവം; 'സൈക്കോ' അബൂബക്കറിന് മാനസിക പ്രശ്നം ഉള്ളതായി അറിയില്ലെന്ന് പോലീസ്

കാസർകോട് ഉദ്യാവറിൽ 9 വയസുകാരിയെ  എടുത്ത് നിലത്തെറിഞ്ഞ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. പ്രതി അബൂബക്കർ സിദ്ദിഖ് നേരത്തേയും കുട്ടികളെ ആക്രമിച്ചിട്ടുണ്ടോയെന്നാണ് മഞ്ചേശ്വരം പൊലീസ് പരിശോധിക്കുക. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മൊഴി കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. പോക്സോ വകുപ്പ് ഉളളതിനാലാണിത്. വധശ്രമവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 7.20നാണ് മദ്രസ വിട്ട് വരികയായിരുന്ന പെൺകുട്ടിയെ ഇയാൾ യാതൊരു പ്രകോപനവും ഇല്ലാതെ എടുത്ത് എറിഞ്ഞത്. റോഡിൽ  നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്കെത്തിയ അബൂബക്കർ സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. മറ്റ് കുട്ടികൾ നോക്കി നിൽക്കെയായിരുന്നു സംഭവം. 'സൈക്കോ' എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന അബൂബക്കർ സിദീഖ്, നേരത്തെയും വിദ്യാർത്ഥികൾക്കെതിരെ ആക്രമണം നടത്തിയിരുന്നുവെന്നാണ് വിവരം. കുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. 

മെയ് മാസത്തില്‍ വിദ്യാര്‍ത്ഥഇനിയോട് അപമര്യാദയായി പെരുമാറിയ മദ്രസാ അധ്യാപകൻ അറസ്റ്റിലായിരുന്നു. ശ്രീകൃഷ്ണപുരം  ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് പോക്സോ വകുപ്പ് പ്രകാരം ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസയിലെ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. മദ്രസവിട്ട് പോകുന്ന സമയത്ത് പതിനാലുകാരിയായ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ചൈൽഡ് ലൈൻ പ്രവർത്തകരാണ് സംഭവം പൊലീസിൽ അറിയിച്ചത്.

ഡിസംബര്‍ മാസത്തില്‍ പാഠഭാഗം പഠിക്കാത്തതിന് നിലമ്പൂര്‍ എരഞ്ഞിമങ്ങാട്ട് മദ്രസ വിദ്യാർത്ഥിനിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. എട്ട് വയസുകാരിയെയാണ് അധ്യാപകന്‍ അടിച്ച് പരിക്കേൽപ്പിച്ചത്. കുട്ടിയുടെ കാലിൽ ചൂരൽകൊണ്ട് അടിയേറ്റ നിരവധി പാടുകള്‍ കണ്ടതോടെയാണ് ക്രൂരമര്‍ദ്ദനം പുറത്ത് അറിയുന്നത്. മദ്രസ അധ്യാപകൻ റഫീഖിനെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തിരുന്നു.