ബലാത്സംഗക്കേസ് പ്രതിയുടെ തലയ്ക്ക് 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് പൊലീസ്

ബലാത്സംഗക്കേസ് പ്രതിയുടെ തലയ്ക്ക് 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് പൊലീസ്

പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു ഒളിവില്‍ പോയ പ്രതിയുടെ തലയ്ക്ക് 30,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ അനുപൂര്‍ ജില്ലാ പൊലീസ്. പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഡിസംബർ 4ന് ജില്ലാ ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെയുള്ള വയലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അമിതരക്തസ്രാവമാണ് മരണകാരണം. യശ്വന്ത് മര്‍വി എന്നയാളാണ് പ്രതി. വെള്ളിയാഴ്ച മുതല്‍ ഇയാള്‍ ഒളിവിലാണ്. പെൺകുട്ടിയെ കാണാതാകുന്നതിന് മുമ്പ് ഡിസംബർ 3 ന് വൈകുന്നേരം ഇരയ്‌ക്കൊപ്പം പ്രതിയ കണ്ടതായി കുടുംബം പറയുന്നു. പെണ്‍കുട്ടിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഞായറാഴ്ച പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു ശേഷമാണ് പൊലീസ് പ്രതിയുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്തി പിടികൂടാൻ പ്രത്യേക സംഘം രൂപീകരിക്കാൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഷാദോൾ റേഞ്ച്) ഡിസി സാഗർ അനുപൂർ പൊലീസിന് നിർദേശം നൽകി. പ്രതിയുടെ ഒളിത്താവളങ്ങൾ റെയ്ഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. പോസ്റ്റ്‌മോർട്ടത്തിന്‍റെ അടിസ്ഥാനത്തിൽ ഐപിസി 376-ാം വകുപ്പ് പ്രകാരം ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടില്ല.