അമൃത്പാൽ സിങ്ങിനെ വീട്ടിലൊളിപ്പിച്ചു; ഹരിയാനയിൽ യുവതി അറസ്റ്റിൽ

ദില്ലി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്ങിനെ വീട്ടിലൊളിപ്പിച്ച് താമസിപ്പിച്ചു എന്ന് ആരോപിച്ചു ഹരിയാനയിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമൃത്പാലിനെയും സഹായി പാൽപ്രീത് സിങ്ങിനെയും ഒളിച്ചുകഴിയാൻ സഹായിച്ചതിന് ബൽജിത് കൗറിനെയാണ് അറസ്റ്റ് ചെയ്തത്. അമൃത്പാൽ പഞ്ചാബിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് ഉറച്ചുവിശ്വസിക്കുന്നത്.
ആറ് ദിവസമായി അമൃത്പാലിന് വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്. തന്നെ പിന്തുടർന്ന അമ്പതോളം പൊലീസ് വാഹനങ്ങളെ വെട്ടിച്ചാണ് ബൈക്കിൽ കയറി അമൃത്പാൽ രക്ഷപ്പെട്ടത്. രാജ്യം വിടാനുള്ള പദ്ധതി അമൃത്പാലിനുണ്ടായിരുന്നെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. ഞായറാഴ്ച അമൃത്പാലിനും കൂട്ടാളിക്കും വീട്ടിൽ ഒളിച്ചുകഴിയാൻ ബൽജിത് കൗർ സഹായം നൽകി. ബൽജിതിനെ പഞ്ചാബ് പൊലീസിന് കൈമാറി. ഹരിയാന പൊലീസ് വ്യക്തമാക്കി. അമൃത്പാലിന്റെ സ്വകാര്യ സുരക്ഷാ സേനയിലെ അംഗമായ തേജീന്ദർ സിംഗ് ഗില്ലിനെയും പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.
ജലന്ധറിലൂടെ അറുപത് കിലോമീറ്റർ അഞ്ച് വാഹനം മാറി മാറി ഉപയോഗിച്ചാണ് അമൃത്പാല്‍ രക്ഷപ്പെട്ടതെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. ആദ്യം മേഴ്സിഡസ് ബെന്‍സില്‍ ജല്ലുപ്പൂർഖേരയില്‍ നിന്ന് പുറപ്പെട്ട അമൃത്പാല്‍ പിന്നീട് ബ്രസ്സ കാറിലേക്ക് മാറി. ഷാകോട്ടിലെ ചാക്ക് ബെഹ്മാനിയാന്‍ ടോള്‍ പ്ലാസയിലൂടെ അമൃത്പാൽ ബ്രസ്സ വാഹനത്തില്‍ സഞ്ചരിക്കുന്ന ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു. കാത്തു നഗ്ഗലില്‍ വച്ച് ബ്രസ്സ കാർ ഉപേക്ഷിച്ച് അമൃത്പാല്‍ സിങ് സഹായിയായ പാൽപ്രീതിനൊപ്പം സഞ്ചാരം പ്ലാറ്റിന ബൈക്കിലാക്കിയെന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ അധികദൂരം പോകുന്നതിന് മുന്‍പ് തന്നെ ബൈക്കിന്‍റെ പെട്രോള്‍ തീര്‍ന്നതിനാല്‍ ഉത്തരേന്ത്യയില്‍ ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന മുചക്ര വാഹനത്തില്‍ ബൈക്കടക്കം കയറ്റിയാണ് പിന്നീട് ഇരുവരും സഞ്ചരിച്ചത്. വൈകാതെ ഈ ബൈക്ക് ഉപേക്ഷിച്ച് ഒരാളെ ഭീഷണിപ്പെടുത്തി മറ്റൊരു ബൈക്ക് തട്ടിയെടുത്താണ് പിന്നീട് ഇവർ സഞ്ചരിച്ചതെന്നും പൊലീസ് പറയുന്നു.