പതിനേഴുകാരിയോട് മോശമായി പെരുമാറി, കണ്ണൂര്‍ ശിശുക്ഷേമ സമിതി ചെയര്‍മാനെതിരെ പോക്‌സോ കേസ്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പതിനേഴുകാരിയോട് മോശമായി പെരുമാറി, കണ്ണൂര്‍ ശിശുക്ഷേമ സമിതി ചെയര്‍മാനെതിരെ പോക്‌സോ കേസ്‌

തലശ്ശേരി(www.kasaragodtimes.com 05.12.2020): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് അശ്ലീല ഭാഷയില്‍ സംസാരിച്ചതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.ഡി ജോസഫിനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി രഹസ്യമൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് ചെയര്‍മാനില്‍ നിന്നും മോശമായ പെരുമാറ്റമുണ്ടായത്.

കുടിയാന്മല പൊലീസ് പരിധിയിലെ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിക്കാണ് ചെയര്‍മാനില്‍ നിന്നും മോശം അനുഭവം നേരിടേണ്ടിവന്നത്. മട്ടന്നൂര്‍ മജിസ്ട്രേറ്റ് മുന്‍പാകെ 164 വകുപ്പില്‍ മൊഴി നല്‍കുന്നതിനിടയിലാണ് ചെയര്‍മാനില്‍ നിന്നും കൗണ്‍സിലിങ്ങിനിടയില്‍ അപമര്യാദയായ പെരുമാറ്റം ഉണ്ടായത്. സംഭവത്തെപ്പറ്റി പെണ്‍കുട്ടി പരാതിപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ കുടിയാന്മല പൊലീസിനോട് മട്ടന്നൂര്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. പെണ്‍കുട്ടിയുടെ അടുത്തേക്ക് വനിതാപൊലീസിനെ പറഞ്ഞയക്കാനാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്.

ഇപ്പോള്‍ ശിവപുരത്തെ സര്‍ക്കാര്‍ നിയന്ത്രിത കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്നും കുടിയാന്മല പൊലീസ് മൊഴിയെടുത്തു. കൗണ്‍സിലിങ്ങ് നടന്നത് തലശ്ശേരി പൊലീസ് പരിധിയിലെ എരഞ്ഞോളി ആഫ്റ്റര്‍ കെയര്‍ ഹോമിലായതിനാല്‍ കുടിയാന്മല പൊലീസ് കേസെടുത്ത ശേഷം എഫ്.ഐ.ആര്‍ തലശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ഇ.ഡി ജോസഫിനെതിരെ കേസെടുത്തെങ്കിലും ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.