മംഗളൂരുവില്‍ സെപ്റ്റംബര്‍ 17 മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു ; ആദ്യം 8 മുതല്‍ 10 വരെ ക്ലാസ്സുകളും ശേഷം 6,7ക്ലാസ്സുകളും പുനരാരംഭിക്കും

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗളൂരുവില്‍ സെപ്റ്റംബര്‍ 17 മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു ; ആദ്യം 8 മുതല്‍ 10 വരെ ക്ലാസ്സുകളും ശേഷം 6,7ക്ലാസ്സുകളും പുനരാരംഭിക്കും

മംഗളൂരു: കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ദക്ഷിണകന്നഡ ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി രാജേന്ദ്ര അറിയിച്ചു. തിങ്കളാഴ്ച ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ നടന്ന ജില്ലയിലെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതുസംബന്ധിച്ചുള്ള യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 17ന് 8, 9, 10 ക്ലാസുകളും സെപതംബര്‍ 20ന് 6, 7 ക്ലാസുകളിലെ ക്ലാസുകളും പുനരാരംഭിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ദക്ഷിണകന്നഡ ജില്ലയില്‍ ഏകദേശം 99% സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് ബാധിച്ച് ജില്ലയിലെ 261 വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. കുട്ടികളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കണമെന്നും അടിയന്തിര ചികിത്സയ്ക്കായി അവരുടെ പ്രാഥമിക സമ്പര്‍ക്കങ്ങള്‍ തിരിച്ചറിയണമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. സ്‌കൂളുകള്‍ വീണ്ടും തുറന്നതിനുശേഷം വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പാക്കണം. ഫീസ് അടയ്ക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്നും സ്‌കൂള്‍ അധികാരികള്‍ ടോയ്ലറ്റ് സൗകര്യങ്ങളും മറ്റ് അടിസ്ഥാന ആവശ്യങ്ങളും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരേസമയം തുടരണം. സ്‌കൂളുകളില്‍ കുട്ടികള്‍ ഹാജരാകുന്നതിന് രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമായും നേടണം.
അധ്യാപകരുടെയും സ്‌കൂള്‍ ജീവനക്കാരുടെയും കോവിഡ് പരിശോധനകള്‍ കാലാകാലങ്ങളില്‍ നടത്തണം. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുടെ സ്ഥിതിയെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ അന്വേഷണം നടത്തണമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികളെ ഹോസ്റ്റലുകളില്‍ താമസിപ്പിക്കണം. അല്ലാത്തപക്ഷം അവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍. മാണിക്യ, ഡെപ്യൂട്ടി ഡയറക്ടര്‍ മല്ലസ്വാമി, ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസര്‍ ഡോ. കിഷോര്‍, പിയു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയണ്ണ, സ്വകാര്യ സ്‌കൂള്‍ അസോസിയേഷന്‍ മേധാവികള്‍, ജില്ലാ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.