ഒമിക്രോൺ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കില്ല; യുഎഇ ബിസിനസ് മേഖലയിൽ ആശ്വാസം

ഒമിക്രോണോ കോവിഡിന്റെ മറ്റേതെങ്കിലും വകഭേദങ്ങളോ കാരണമായി യു.എ.ഇയിൽ സമ്പൂർണ ലോക്ഡൗൺ ഇനിയില്ലെന്ന് യു.എ.ഇ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഒമിക്രോൺ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കില്ല; യുഎഇ ബിസിനസ് മേഖലയിൽ ആശ്വാസം

ഒമിക്രോൺ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ യു.എ.ഇ ബിസിനസ് മേഖലയിൽ ആശ്വാസം. കോവിഡിൽ ആടിയുലഞ്ഞ വിപണി യു.എ.ഇയിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. എന്നാൽ ഒമിക്രോൺ ഭീതിയും യാത്രാ നിയന്ത്രണങ്ങളും വീണ്ടുമൊരു തകർച്ചയിലേക്ക് ബിസിനസ് രംഗം കടന്നുപോകുമോ എന്ന ആശങ്കയ്ക്കാണിപ്പോൾ അറുതിയായത്. സ്‌കൂളുകളിൽ ഓൺലെൻ പഠനവും വർക്ക് അറ്റ് ഹോമും നടപ്പിലാക്കിയത് ഹോട്ടൽ രംഗത്തെയടക്കം ചെറിയ രീതിയിൽ ബാധിച്ചിരുന്നു. മുൻകരുതൽ നടപടികൾ സ്വീകരിച്ച് ജനങ്ങൾക്ക് പുറത്തിറങ്ങാൻ അവസരം ലഭിച്ചത് ഹോട്ടൽ, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലക്ക് നല്ല സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിപണി തിരിച്ചുവരവിന്റെ ലക്ഷണങ്ങളാണ് എല്ലാ മേഖലയിലുമുള്ളതെന്ന് വിവിധ രംഗത്തുള്ളവർ പറയുന്നു.
എക്‌സ്‌പോ 2020ദുബൈയും ഗ്ലോബൽ വില്ലേജും അടക്കമുള്ള വലിയ വേദികളിൽ സന്ദർശകരുടെ എണ്ണത്തിൽ ചെറിയ കുറവ് കഴിഞ്ഞ ആഴ്ചകളിൽ ദൃശ്യമായിരുന്നു. എന്നാൽ വീണ്ടും ഇത്തരം സ്ഥലങ്ങൾ സജീവമാകുന്ന സാഹചര്യമാണുള്ളത്. സ്‌കൂളുകൾ നിലവിൽ അബൂദബി, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ ഓൺലൈൻ ക്ലാസുകളാണെങ്കിലും അധികം വൈകാതെ നേരിട്ട് ക്ലാസുകൾ പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയാണുള്ളത്. ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നേരിട്ട് ക്ലാസുകൾ നടക്കുന്നുണ്ട്. ഇവിടങ്ങളിൽ ചില സ്‌കൂളുകൾ ആദ്യഘട്ടത്തിൽ ഓൺലൈനിലേക്ക് മാറിയിരുന്നെങ്കിലും നിലവിൽ പലരും നേരിട്ട് ക്ലാസുകൾ പുനരാരംഭിച്ചു. ബൂസ്റ്റർ ഡോസ് നൽകുന്നത് വേഗത്തിലാക്കുകയും കോവിഡ് ബാധിതരെയും സമ്പർക്കത്തിലുള്ളവരെയും ഐസൊലേഷനിലാക്കുകയും ചെയ്താണ് യു.എ.ഇയിൽ പുതിയ വകഭേദം നിയന്ത്രണവിധേയമാക്കാൻ അധികൃതർ ശ്രമിക്കുന്നത്. ഒമിക്രോണോ കോവിഡിന്റെ മറ്റേതെങ്കിലും വകഭേദങ്ങളോ കാരണമായി യു.എ.ഇയിൽ സമ്പൂർണ ലോക്ഡൗൺ ഇനിയില്ലെന്ന് യു.എ.ഇ വിദേശ വ്യാപാര വകുപ്പ് സഹമന്ത്രി ഡോ. ഥാനി അൽ സയൂദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുമുണ്ട്.

 

 

 

 

 

 

 

 

 

keywords: Kasaragod, kasaragodnews, kasaragodtimes, news, online portal, media, online newspaper, latest news