കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ ബന്ധുക്കളെ കാണാൻ അനുമതിയില്ല; പ്രിയങ്കയെ ആഗ്രയിൽ തടഞ്ഞ് യു.പി പൊലീസ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ ബന്ധുക്കളെ കാണാൻ അനുമതിയില്ല; പ്രിയങ്കയെ ആഗ്രയിൽ തടഞ്ഞ് യു.പി പൊലീസ്

ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡിയില്‍ മരിച്ച ദളിത് യുവാവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് തടഞ്ഞു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍വച്ചാണിത്. സ്ഥലത്ത് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

കുടുംബത്തെ സന്ദര്‍ശിക്കാനാവശ്യമായ അനുമതി ഇല്ലാത്തതിനാലാണ് പ്രിയങ്കയെ തടഞ്ഞതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. പൊലീസ് വെയര്‍ഹൗസില്‍ 25 ലക്ഷം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് പൊലീസ് തൂപ്പുകാരനായ അരുണിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുകയായിരുന്നു.

പ്രിയങ്കയുടെ വാഹന വ്യൂഹത്തെ പൊലീസിന്റെ വന്‍ സംഘം തടഞ്ഞു വച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസുകാര്‍ വാഹനത്തിന്റെ മുന്‍പില്‍ നിന്ന് പ്രിയങ്കയോട് മടങ്ങി പോവാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. തടയാനെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രിയങ്കയുമായി സെല്‍ഫി എടുക്കുന്ന ചിത്രങ്ങളും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

താന്‍ എവിടെ പോവണമെങ്കിലും അനുമതി ആവശ്യമാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് പ്രിയങ്ക പൊലീസ് ഉദ്യോഗസ്ഥരോട് ചോദിക്കുന്നുണ്ട്. നേരത്തെ ലഖിംപുരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയപ്പോഴും പ്രിയങ്കയെ യു.പി പൊലീസ് തടഞ്ഞിരുന്നു.