മരം മുറിച്ചവർക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും എതിരെ നടപടിയില്ല; മാന്ദാമംഗലത്ത് വർഷങ്ങളായി നിയമ നടപടി നേരിട്ട് ആദിവാസികൾ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മരം മുറിച്ചവർക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും എതിരെ നടപടിയില്ല; മാന്ദാമംഗലത്ത് വർഷങ്ങളായി നിയമ നടപടി നേരിട്ട് ആദിവാസികൾ

വനംവകുപ്പിന്റെ ഒത്താശയോടെ തൃശൂര്‍ പട്ടിക്കാട് റെയ്ഞ്ചില്‍ മരം മുറിച്ചുകടത്തിയ സംഭവത്തില്‍ വര്‍ഷങ്ങളായി നിയമ നടപടി നേരിട്ട് ആദിവാസികള്‍. എന്നാല്‍ മരം മുറിച്ച് കടത്തിയവര്‍ക്കും കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ യാതൊരു നടപടിയുമില്ല. മരം മുറിച്ചെന്ന് കാണിച്ച് ലക്ഷങ്ങളുടെ പിഴയാണ് താമര വെള്ളച്ചാല്‍ കോളനിയിലെ ആദിവാസികള്‍ക്ക് മുകളില്‍ ചുമത്തിയത്.

തൃശൂര്‍ പട്ടിക്കാട്, മാന്ദാമംഗലം, എരുമപ്പെട്ടി റേഞ്ചുകള്‍ കേന്ദ്രീകരിച്ച് 2016ല്‍ വന്‍ മരം കൊള്ളയാണ് നടന്നത്. മരം മുറിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണം എന്ന് വിജലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. മരം മുറിച്ചെന്ന പേരില്‍ ആദിവാസികളെ പ്രതിയാക്കുകയായിരുന്നു. ഫോറസ്റ്റുകാര്‍ തന്നെ വന്ന് മരം മുറിക്കുകയായിരുന്നു. അവരുടെ മേല്‍നോട്ടത്തില്‍. തന്റെ സ്ഥലത്തെ മരവും മുറിച്ചിട്ടുണ്ടെന്ന് താമരവെള്ളച്ചാല്‍ ഊര് മൂപ്പന്‍ സദാനന്തന്‍ പറയുന്നു.

വനാവകാശ നിയമപ്രകാരം സ്ഥലം ലഭിച്ചെങ്കിലും സ്വന്തം സ്ഥലത്തെ മരം മുറിക്കാന്‍ വനപാലകര്‍ക്ക് അവകാശമുണ്ടെന്നാണ് ഇവര്‍ കരുതിയത്. അതിനപ്പുറത്തേക്ക് ഒന്നുമറിയില്ല.
മരം മുറി കഴിഞ്ഞാണ് ഇത് തങ്ങളെ കുടുക്കിയതാണെന്ന് അറിയുന്നതെന്നും മൂപ്പന്‍. മരം മുറിച്ചുകടത്തിയത് വനംവകുപ്പിലെ തന്നെ ഒരു വിഭാഗം ഉദ്യോഗസ്ഥരാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. താമരച്ചാല്‍ കോളനിയിലെ 16 ആദിവാസികള്‍ക്കെതിരെയാണ് കേസെടുത്തത്. വനം വകുപ്പ് ചുമത്തിയ കേസ് പ്രകാരം പ്രധാന പ്രതികളിലൊരാളാണ് ഈ മനുഷ്യനും.

മരം മുറിക്കാന്‍ കൂലിക്ക് പോയ തന്റെ പേരില്‍ 37 ലക്ഷം രൂപയാണ് ചുമത്തിയതെന്ന് മരംവെട്ടുതൊഴിലാളിയായ വാസുവും പറയുന്നു. വര്‍ഷങ്ങളായി കേസും കൂട്ടവുമായി നടക്കുകയാണ് ഊരിലെ ആദിവാസികള്‍. മാന്ദാമംഗലം വനം കൊള്ളനടന്ന് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും കുറ്റക്കാരായ വന പാലകര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പിഴ ചുമത്തിയതും കുറ്റക്കാരായതും ഇവിടുത്തെ സാധാരണ ആദിവാസിജനതയാണ്.