പരാതിക്കാരോട് മോശമായി പെരുമാറിയ നെയ്യാര്‍ ഡാം പൊലീസ് എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പരാതിക്കാരോട് മോശമായി പെരുമാറിയ നെയ്യാര്‍ ഡാം പൊലീസ് എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം(www.kasaragodtimes.com 28.11.2020): നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച എഎസ്‌ഐയെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. സംഭവത്തില്‍ റേഞ്ച് ഡിഐജി പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. എഎസ്‌ഐ ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോപകുമാര്‍ പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാര്‍ശ ചെയ്തു. ഇതിന് പിന്നാലെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നത്.സുദേവിന്റെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനല്ല ഗോപകുമാര്‍. മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗോപകുമാര്‍ അധിഷേപിച്ചത്. ഇതിനാല്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡിഐജി ശുപാര്‍ശ ചെയ്തു. റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരിദ്ദിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ അന്വേഷണവും കൂടുതല്‍ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവനും നെടുമങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കി. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അറിയിച്ചു.
കുടുംബപ്രശ്നത്തില്‍ പരാതി നല്‍കാനെത്തിയ സുദേവനെയും മകളെയും കഴിഞ്ഞ വ്യാഴാഴ്ചയാണ് നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഗോപകുമാര്‍ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.