കണ്ണീരോടെ പ്രാര്‍ത്ഥിച്ച് ബ്രസീല്‍ ആരാധകര്‍; ടീം ക്യാമ്പില്‍ നിന്നുള്ള വാര്‍ത്തകള്‍ ശുഭകരമല്ല
നെയ്മറിന് പകരം ആന്റണിയാണ് കളത്തിലിറങ്ങിയത്. സ്കാനിംഗിനും വിശദ പരിശോധനയ്ക്കും ശേഷമേ നെയ്മറിന്റെ പരിക്കിനെക്കുറിച്ച് കൂടുതൽ വ്യക്തമാക്കാനാവൂയെന്ന് മത്സരശേഷം ബ്രസീൽ കോച്ച് ടിറ്റെ പറഞ്ഞു

ദോഹ: ലോകകപ്പിലെ വിജയത്തുടക്കത്തിനിടയിലും ബ്രസീലിന് ആശങ്കയായി സൂപ്പർ താരം നെയ്മറിന്റെ പരിക്ക്. കാലിന് പരിക്കേറ്റ നെയ്മറെ കളിതീരാൻ പത്തുമിനിറ്റ് ബാക്കിയുള്ളപ്പോൾ പിൻവലിച്ചിരുന്നു. നിക്കോള മിലെൻകോവിച്ചിന്റെ ടാക്ലിംഗിനിടെയാണ് നെയ്മറിന്റെ കാലിന് പരിക്കേറ്റത്. നിരാശനായി ഡഗ് ഔട്ടിലിരിക്കുന്ന നെയ്മറെ സഹതാരങ്ങൾ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.
നെയ്മറിന് പകരം ആന്റണിയാണ് കളത്തിലിറങ്ങിയത്. സ്കാനിംഗിനും വിശദ പരിശോധനയ്ക്കും ശേഷമേ നെയ്മറിന്റെ പരിക്കിനെക്കുറിച്ച് കൂടുതൽ വ്യക്തമാക്കാനാവൂയെന്ന് മത്സരശേഷം ബ്രസീൽ കോച്ച് ടിറ്റെ പറഞ്ഞു. ടീമിന് താരത്തെ ആവശ്യമായിരുന്നതിനാലാണ് കണങ്കാലിന് പരിക്കേറ്റതിന് ശേഷവും നെയ്മര്‍ കളിക്കളത്തിൽ തന്നെ തുടർന്നതെന്നും പരിശീലകന് പറഞ്ഞു.
മികച്ച വിലയിരുത്തൽ നടത്താന്‍ 24 മുതൽ 48 മണിക്കൂർ വരെ കാത്തിരിക്കേണ്ടതുണ്ട് എന്ന് ടീം ഡോക്ടര്‍ റോഡ്രിഗോ ലസ്മാര്‍ പറഞ്ഞു. നെയ്മറിനെ നാളെ എംആര്‍ഐ സ്കാനിംഗിന് വിധേയനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, എതിരില്ലാത്ത രണ്ടുഗോളിന് സെർബിയയെ തോൽപിച്ചാണ് ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ അരങ്ങേറിയത്. മുന്നേറ്റ നിര താരം റിച്ചാർലിസന്റെ ഇരട്ട ഗോളുകളാണ് കാനറികള്‍ക്ക് പറക്കാന്‍ ചിറകായത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു താരത്തിന്റെ ഇരട്ടഗോള്‍ പ്രകടനം. നെയ്മര്‍ തുടങ്ങിവച്ച നീക്കമാണ് മഞ്ഞപ്പടയുടെ ആദ്യ ഗോളില്‍ അവസാനിച്ചത്. താരം പ്രതിരോധത്തെ കബളിപ്പിച്ച് പന്തുമായി ബോക്സിലേക്ക്. ബോക്സില്‍ നിന്ന് വിനീഷ്യസിന്റെ നിലംപറ്റെയുള്ള ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയെങ്കിലും അപകടം ഒഴിവായില്ല.
തക്കംപാത്തിരുന്ന റിച്ചാര്ലിസണ് റീബൗണ്ടില്‍ അവസരം മുതലാക്കി. 10 മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും റിച്ചാര്ലിസണ് വലകുലുക്കി. ഇത്തവണ ഗോളിന് ഒരു ലാറ്റിനമേരിക്കന്‍ ഭംഗി കൂടിയുണ്ടായിരുന്നു. വിനിഷ്യസിന്റെ പാസ് ബോക്സില്‍ സ്വീകരിച്ച റിച്ചാര്ലിസണ് ഒരു ആക്രോബാറ്റിക് ശ്രമത്തിലൂടെ ഗോള്‍ കീപ്പറെ കീഴടക്കിയപ്പോള്‍ ഗാലറി ഇളകിമറിഞ്ഞു.