സ്റ്റേഡിയത്തിലെ ‘കോലി, കോലി’ ആരവം കൂടുതൽ നല്ല പ്രകടനം നടത്താൻ എന്നെ പ്രചോദിപ്പിക്കുന്നു: നവീനുൽ ഹഖ്

സ്റ്റേഡിയത്തിലെ ‘കോലി, കോലി’ ആരവം കൂടുതൽ നല്ല പ്രകടനം നടത്താൻ എന്നെ പ്രചോദിപ്പിക്കുന്നു: നവീനുൽ ഹഖ്

താൻ കളിക്കുമ്പോൾ സ്റ്റേഡിയത്തിൽ നിന്നുയരുന്ന ‘കോലി, കോലി’ ആരവം കൂടുതൽ നല്ല പ്രകടനം നടത്താൻ തന്നെ പ്രചോദിപ്പിക്കുന്നു എന്ന് നവീനുൽ ഹഖ്. പുറത്തെ ശബ്ദങ്ങൾ താൻ മുഖവിലയ്ക്കെടുക്കാറില്ലെന്നും തൻ്റെ പ്രകടനങ്ങളിലാണ് ശ്രദ്ധ നൽകുന്നതെന്നും നവീൻ ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“ഞാൻ അത് ആസ്വദിക്കാറുണ്ട്. ഗ്രൗണ്ടിലെ എല്ലാവരും അദ്ദേഹത്തിൻ്റെയോ മറ്റ് ആരുടെയെങ്കിലുമോ പേര് മുഴക്കുന്നത് എനിക്കിഷ്ടമാണ്. എൻ്റെ ടീമിനുവേണ്ടി നന്നായി കളിക്കാൻ അത് എന്നെ പ്രചോദിപ്പിക്കുന്നു. പുറത്തെ ശബ്ദങ്ങൾ ഞാൻ മുഖവിലയ്ക്കെടുക്കാറില്ല. എൻ്റെ പ്രകടനങ്ങളിലാണ് ശ്രദ്ധ. ആരെങ്കിലും എന്തെങ്കിലും പറയുന്നതോ ആളുകൾ ആരവം മുഴക്കുന്നതോ എന്നെ ബാധിക്കാറില്ല.”- നവീൻ പറഞ്ഞു.

എലിമിനേറ്ററിൽ മുംബൈയോട് പരാജയപ്പെട്ടെങ്കിലും ലക്നൗവിനായി തകർപ്പൻ പ്രകടനമാണ് നവീൻ നടത്തിയത്. രോഹിത് ശർമ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയ നവീൻ നാല് ഓവറിൽ 38 റൺസ് ആണ് വഴങ്ങിയത്.

അതേസമയം, നവീനെ ട്രോളി മുംബൈ ഇന്ത്യൻസ് താരങ്ങൾ രംഗത്തുവന്നു. മുംബൈയുടെ മലയാളി താരങ്ങളായ സന്ദീപ് വാര്യർ, വിഷ്ണു വിനോദ് എന്നിവർക്കൊപ്പം മധ്യപ്രദേശ് സ്പിന്നർ കുമാർ കാർത്തികേയയും കൂടി ചേർന്നാണ് നവീനെ ട്രോളിയത്. ആർസിബിയ്ക്കെതിരായ മത്സരം മുതൽ നവീൻ കോലിയെ ട്രോളുകയാണ്. ഇതിനുള്ള മറുപടിയെന്നോണമാണ് മുംബൈ താരങ്ങളുടെ പോസ്റ്റ്. ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.

മേശപ്പുറത്ത് മാങ്ങ വച്ചിട്ട് മൂന്നു പേരും വട്ടം കൂടി ഇരിക്കുകയാണ്. വിഷ്ണു ചെവി പൊത്തിയും സന്ദീപ് വായ പൊത്തിയും കാർത്തികേയ കണ്ണു പൊത്തിയുമിരിക്കുന്നു. ‘നല്ല പഴുത്ത മാങ്ങാക്കാലം’ എന്നായിരുന്നു ചിത്രത്തിൻ്റെ അടിക്കുറിപ്പ്. സന്ദീപിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്ന പോസ്റ്റ് നീക്കം ചെയ്തെങ്കിലും സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നുണ്ട്.

ലക്നൗവും ബാംഗ്ലൂരും തമ്മിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ വിരാട് കോലിയുമായി നവീനുൽ ഹഖ് നടത്തിയ വാക്കേറ്റം ഏറെ ചർച്ചയായിരുന്നു. മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ കോലിയും നവീനും വീണ്ടും പരോക്ഷമായി ഏറ്റുമുട്ടി. ലക്നൗ പരാജയപ്പെട്ട മത്സരങ്ങളിൽ കോലിയും ആർസിബി പരാജയപ്പെട്ട കളികളിൽ മാങ്ങ കഴിക്കുന്ന ഫോട്ടോ പങ്കുവച്ച് നവീനും ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ പരസ്പരം ‘ചൊറിഞ്ഞു’. ഇതിനിടെ നവീനെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കി. ഇതോടെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. ഇതിനു പിന്നാലെയാണ് മുംബൈ ഇന്ത്യൻസ് താരങ്ങളുടെ വക ട്രോൾ.