മൈക്ലബ് ട്രെഡ്‌സ് എന്ന പേരിൽ 500 കോടിയോളം രൂപ മണി ചെയിനിലൂടെ തട്ടിപ്പ് നടത്തിയ രണ്ട് പേർ കൂടി അറസ്റ്റിൽ

മൈക്ലബ് ട്രെഡ്‌സ് എന്ന പേരിൽ 500 കോടിയോളം രൂപ മണി ചെയിനിലൂടെ തട്ടിപ്പ് നടത്തിയ രണ്ട് പേർ കൂടി അറസ്റ്റിൽ

 


കാസർകോട്(www.kasaragodtimes.com 12.05.2021:മൈക്ലബ് ട്രെഡ്‌സ് എന്ന പേരിൽ 500 കോടിയോളം രൂപ മണി ചെയിനിലൂടെ തട്ടിപ്പ് നടത്തിയ രണ്ട് പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് കുരുവാതൂർ സ്വദേശി ഹൈദരാലി, പുറക്കാട്ടിരി സ്വദേശി ഷാജി എൻകെആർ എന്നിവരെയാണ് കാസർകോട് ഡി .വൈ.എസ്.പി. പിപി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മൈക്ലബ് ട്രെഡ്സ് എന്ന പേരിൽ മണി ചെയിൻ മോഡലിൽ വൻ തട്ടിപ്പ് നടത്തുകയും ഏജന്റുമാർ മുഖേന നിക്ഷേപകരുടെ 500 കോടിയോളം രൂപ ഈ സംഘം തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. പണം ഉപയോഗിച്ച് കാസർകോട്ടും വടകരയിലും ഉൾപ്പെടെ പ്രിൻസ് ഗോൾഡ് എന്നപേരിൽ ജ്വല്ലറികളുടെ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും പൊലീസ് കണ്ടെത്തി. കേസിൽ കമ്പനിയുടെ ഡയറക്ടർമാർ അടക്കമുള്ളവരും പ്രതികളാകും  .
ഈ കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം ഉദ്യാവർ സ്വദേശി മുഹമ്മദ് ജാവേദിനെ (28) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പദ്ധതിയിലേക്ക് കാസർകോട്, മംഗളൂരു പ്രദേശത്തുള്ള 453 പേരെ ജാവേദ് നേരിട്ട് ചേർത്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജാവേദിന്റെ കീഴിൽ മൊത്തം 4080 പേരിലൂടെ 47 കോടി രൂപയാണ് പിരിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ കമ്മീഷൻ തുകയായി 1,08,79,000 രൂപ ജാവേദിന് ലഭിച്ചതായും കേരളത്തിലെമ്പാടും ദുബായിലും ഈ തട്ടിപ്പ് പദ്ധതി വ്യാപിച്ചു കിടക്കുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.