നാട്ടുരാജാക്കമാരുടെ സന്തതികളെയാണ് ഞങ്ങളെ സംരക്ഷിക്കാന്‍ ഇവിടെ ചുമതലപ്പെടുത്തിരിക്കുന്നത്; ജില്ലാ കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നാട്ടുരാജാക്കമാരുടെ സന്തതികളെയാണ് ഞങ്ങളെ സംരക്ഷിക്കാന്‍ ഇവിടെ ചുമതലപ്പെടുത്തിരിക്കുന്നത്; ജില്ലാ കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി

കാസർകോട് : കാസർകോട് ദിനം പ്രതി കോവിഡ് രൂക്ഷമാവുകയും പല ആശുപത്രികളിൽ ഓക്സിജൻ ലഭ്യത കുറവ് വരുന്ന അവസ്ഥയിൽ നീങ്ങുമ്പോൾ ജില്ലാ ഭരണകൂടത്തിനെതിരെയും സർക്കാരിനെതിരെയും വിമർശനവും അഭ്യർത്ഥനയുമായി മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി സെക്രട്ടറി എ അബ്ദുൽ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:
  
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ..    ഞങ്ങളും മനുഷ്യരും കേരളീയരുമാണ്.  ഞങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലല്ലേ...

ബഹുമാന്യനായ കേരള മുഖ്യമന്ത്രി അവർകൾക്ക്,
സർ,
അങ്ങ് ഇപ്പോൾ കേരളത്തിൻ്റെ കാവൽ മുഖ്യമന്ത്രിയാണല്ലോ
വീണ്ടും അഞ്ച് വർഷം താങ്കളുടെ നേതൃത്വത്തിലു.ള്ള ഒരു സർക്കാർ തന്നെ കേരളത്തിലുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
അഭിവാദ്യങ്ങൾ........ 
ഈ കുറിപ്പിൻ്റെ പ്രധാന ആധാരം കൊറോണയുടെ
 രണ്ടാം വരവു തന്നെ! 
സംസ്ഥാനത്തെ ജനങ്ങളെയാകെ ഭീതിയിലാക്കി കൊറോണ വ്യാപിക്കുകയാണല്ലോ. കൊറോണയുടെ രണ്ടാം വരവ് ഇങ്ങ് കാസർകോട് ജില്ലയിലെ ജനങ്ങളെ കൂടുതൽമരണങ്ങളിലേക്ക് തള്ളിവിടുമെന്ന ഭീതിയിലാണ് ഞങ്ങൾ. കാസർകോട് അധികാര കേന്ദ്രത്തിൽ നിന്നും കൂടുതൽ അകലമുള്ള ജില്ലയാണെങ്കിലും ഞങ്ങളും കേരളീയർതന്നെയല്ലേ.. ആധുനിക രീതിയിലുള്ള ചികിത്സാ സൗകര്യങ്ങൾ ജില്ലക്കാർക്ക് ലഭിക്കണമെങ്കിൽ മംഗലാപുരത്ത് തന്നെ പോകണം. ഇത് പണ്ടേയുള്ള ശീലമാണ്. കാസർകോട്ടെ നിരത്തുകളിലൂടെ ദിനംപ്രതി മംഗലാപുരം ലക്ഷ്യമാക്കി ചീറിപ്പാഞ്ഞ് കൊണ്ടിരുന്ന ആമ്പുലൻസുകളുടെ എണ്ണം ഇതിന് അടിവരയിടും. എന്നാൽ കൊറോണ കാലത്ത് ഓരോ സംസ്ഥാനവും ഓരോ രാജ്യങ്ങളെ പോലെ അതിർത്തികൾ അടച്ചിട്ടതോടെ ചികിത്സ കിട്ടാതെ കഴിഞ്ഞ വർഷം മരണപ്പെട്ടത് 16 പേരാണ്. 
ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളേജിൻ്റെ സ്ഥിതി അങ്ങയോട് പറയേണ്ടതില്ലല്ലോ... ടാറ്റ അനുവദിച്ച കോവിഡ് ആശുപത്രി പ്രവർത്തനം ആരംഭിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാരെയും സൗകര്യങ്ങളും നൽകിയിട്ടില്ല ഇനിയും തസ്തിക അനുവദിച്ചതായി അങ്ങ് പത്ര സമ്മേളനം നടത്തി അറിയിച്ചിട്ട് മാസങ്ങൾ അനവധിയായി. ജില്ലയിൽ വെൻ്റിലേറ്റർ സൗകര്യങ്ങൾ പരിമിതമാണ്. മെഡിക്കൽ കോളേജടക്കം സർക്കാർ ആസ്പത്രികളിലുള്ള വെൻ്റിലേറ്ററുകൾ പ്രവർത്തനരഹിതമാണെങ്കിലും പ്രവർത്തിക്കുന്ന വെൻറിലേറ്ററുകൾ മുഴവൻ കണ്ണൂരിലേക്ക് എത്തിക്കാൻ ഹെൽത്ത് ഡയറക്ടർ ഉത്തരവിട്ടിരിക്കുകയാണത്രേ. വെൻ്റിലേറ്ററും മരുന്നുകളുമൊന്നുമില്ലെങ്കിലും നേരാംവണ്ണം ശ്വാസം വലിച്ചു മരിക്കാൻ കഴിയുമെന്ന ആശ്വാസമായിരുന്നു ഞങ്ങൾക്ക്. എന്നാൽ ആ മോഹവും വ്യാമോഹമായി മാറുകയാണെന്ന് തോന്നുന്നു. ജില്ലയിലെ ഓക്സിജൻ സ്റ്റോക്ക് തീരാറായി. ഓക്സിജൻ വന്നുകൊണ്ടിരുന്നത് നിത്യോപയോഗ സാധനങ്ങൾ പോലെ മംഗലാപുരത്ത് നിന്നാണ്.
അവർ അതിർത്തി അടച്ചു. ഇനി ഞങ്ങൾക്കു് ഓക്സിജൻ വരേണ്ടത് ഞങ്ങളുടെ സ്വന്തം സംസ്ഥാനമായ കേരളത്തിൽ നിന്നാണ്. തരുമോ... ഞങ്ങൾക്ക് ജീവവായു..?
ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത രോഗികളെ ഡിസ്ചാർജ് ചെയത് കൊണ്ടിരിക്കുകയാണ്. ചില സ്വകാര്യ ആസ്പത്രി മെനേജ്മെൻ്റ് പ്രതിനിധികൾ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് സംസാരിക്കാൻ ജില്ലാ കലക്ടർ ഏമാനെ കാണാൻ ചെന്നപ്പോൾ രണ്ട് മണിക്കൂറുകളോളം പൊരിവെയിലത്ത് നിർത്തിച്ചതിന് ശേഷം മുഖം നൽകിയില്ല പോലും, ഇത് പോലുള്ള നാട്ടുരാജാക്കമാരുടെ സന്തതികളെയാന്ന് ഞങ്ങളെ സംരക്ഷിക്കാൻ ഇവിടെ ചുമതലപ്പെടുത്തിരിക്കുന്നത്. ഞങ്ങളുടെ ജനപ്രതിനിധികളുടെ നിവേദനങ്ങളും വാക്കുകളും കേൾക്കാൻ ആളില്ല...
ശ്വസിക്കാൻ ജീവവായു കിട്ടാൻ ഞങ്ങൾക്കും അവകാശമില്ലേ... പേരിന് ഞങ്ങൾക്കും ഒരു ജില്ലാ ഭരണകൂടവും കലക്ടറും പോലീസുമൊക്കെയുണ്ട്... കഴിഞ്ഞ അഞ്ച് കൊല്ലം അങ്ങയുടെ കൂടെ രണ്ടാം സ്ഥാനക്കാരനായിരുന്ന ഒരു മന്ത്രിയും ഉണ്ടായിരുന്നു. പാവം ഒരു മിണ്ടാപ്രാണി!
 അവഗണനക്ക് ഒരു കാലത്തും അറുതി ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളേജിന് വേണ്ടി സെക്രട്ടേറിയറ്റിന് മുൻപിൽ കൂട്ടക്കരച്ചിൽ നടത്തിയവരാണ് ഞങ്ങൾ. ഇപ്പോൾ ഞങ്ങൾ നിലവിളിക്കുകയാണ്.. ജീവൻ നിലനിർത്താൻ വേണ്ടി...
കനിയുമോ... സാർ.

ടാറ്റ ഞങ്ങളോട് കാണിച്ച കനിവെങ്കിലും സ്വന്തം ഭരണാധികാരികളിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ച് കൊണ്ട്

ജില്ലയിലെ ജനങ്ങൾക്ക് വേണ്ടി
എ അബ്ദുൾ റഹ്മാൻ
കാസർകോട്