മംഗളൂരു ബജ്‌പെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കൊലപാതകശ്രമം : കൊട്ടേഷന്‍ സംഘമുള്‍പ്പെടെ ഏഴ് പ്രതികള്‍ അറസ്റ്റില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗളൂരു ബജ്‌പെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കൊലപാതകശ്രമം : കൊട്ടേഷന്‍ സംഘമുള്‍പ്പെടെ ഏഴ് പ്രതികള്‍ അറസ്റ്റില്‍

മംഗളൂരു(www.kasaragodtimes.com 30.04.2021): മംഗളൂരു ബജ്‌പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസില്‍ ക്വട്ടേഷന്‍ സംഘമുള്‍പ്പെടെ ഏഴുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോളാറിലെ ഇബ്രാഹിം ഷക്കീര്‍ (19), അത്താവറിലെ മുഹമ്മദ് നിഹാല്‍ (18), ജെപ്പുവിലെ അബ്ബാസ് സഫ്‌വാന്‍ (23), പാണ്ഡേശ്വറിലെ മുഹമ്മദ് ആതിഫ് ഹിഷാം (19), ഫല്‍നീര്‍ സ്വദേശി ബിലാല്‍ മുഅദ്ദീന്‍ (49), പറങ്കിപേട്ടിലെ നസീര്‍ അഹമ്മദ്(40), മാരിപ്പള്ളയിലെ അബ്ദുല്‍ ജബ്ബാര്‍ (46) എന്നിവരെയാണ് ബജ്‌പെ പൊലീസ് അറസ്റ്റ് ചെയ്തത്.
2020 നവംബര്‍ 15ന് ബജ്‌പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാന്ദവര്‍ പള്ളിക്ക് സമീപം അബ്ദുല്‍ അസീസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. അബ്ദുല്‍ അസീസ് ചികിത്സയില്‍ കഴിയുകയായിരുന്ന ആസ്പത്രിയുടെ പരിസരത്തെത്തിയ പ്രതികള്‍ അബ്ദുല്‍ അസീസിന്റെ ബന്ധു മക്ദൂമാണെന്ന് കരുതി നൗഷാദ് എന്നയാളെയും അക്രമിച്ചിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകശ്രമത്തിന് കാരണമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വിദേശത്തുള്ള നിസാമുദ്ദീന്‍, സഫ്വാന്‍ ഹുസൈന്‍, ബാസിത്ത് എന്നിവരുടെ സഹായത്തോടെയായിരുന്നു സംഘം അക്രമം നടത്തിയത്. മക്ദൂമും നിസാമും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. മാരിപ്പള്ളയിലെ ജബ്ബാറുമായി നിസാമുദ്ദീന്‍ ബന്ധപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൃത്യം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. അബ്ദുല്‍ അസീസിന്റെയും ബന്ധു മക്ദൂമിന്റെയും ദൈനംദിന നീക്കങ്ങളെക്കുറിച്ചും സംഘം വിവരങ്ങള്‍ ശേഖരിക്കുകയും വിദേശത്തുള്ള സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു. 2017ലെ ഇരട്ട കൊലപാതകം ഉള്‍പ്പെടെ 7 കേസുകളില്‍ അബ്ദുല്‍ ജബ്ബാര്‍ പ്രതിയാണ്. ന്യൂ ചിത്രയ്ക്ക് സമീപം കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇബ്രാഹിം ഷക്കീര്‍. മറ്റ് പ്രതികള്‍ക്കെതിരെയും നിരവധി കേസുകളുണ്ട്.