ഫീൽഡിൽ തീയായി മുംബൈ; മധ്‌വാളിന് അഞ്ചു വിക്കറ്റ്; ലക്നൗവിനെ തകർത്തെറിഞ്ഞ് ക്വാളിഫയറിൽ

ഫീൽഡിൽ തീയായി മുംബൈ; മധ്‌വാളിന് അഞ്ചു വിക്കറ്റ്; ലക്നൗവിനെ തകർത്തെറിഞ്ഞ് ക്വാളിഫയറിൽ

ഐപിഎൽ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ലക്നൗ സൂപ്പർ ജയൻ്റ്സിനെ 81 റൺസിന് തകർത്തെറിഞ്ഞ മുംബൈ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. മുംബൈ മുന്നോട്ടുവച്ച 183 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗ 16.3 ഓവറിൽ 101 റൺസിന് ഓളൗട്ടായി. 27 പന്തിൽ 47 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് ആണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ആകാശ് മധ്‌വാൾ 3.3 ഓവറിൽ 5 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമാണ് ലക്നൗവിനു ലഭിച്ചത്. രണ്ടാം ഓവറിൽ പ്രേരക് മങ്കദിനെ (3) മടക്കിയ ആകാശ് മധ്‌വാൾ മുംബൈക്ക് തകർപ്പൻ തുടക്കം നൽകി. നാലാം ഓവറിൽ നന്നായി തുടങ്ങിയ കെയിൽ മയേഴ്സിനെ (18) ക്രിസ് ജോർഡൻ പുറത്താക്കി. മൂന്നാം വിക്കറ്റിൽ കൃണാൽ പാണ്ഡ്യയും മാർക്കസ് സ്റ്റോയിനിസും ചേർന്ന് ലക്നൗവിനെ മത്സരത്തിൽ തിരികെയെത്തിച്ചു. കൂറ്റൻ ഷോട്ടുകളുമായി മുംബൈയെ വിറപ്പിച്ച സ്റ്റോയിനിസ് ലക്നൗവിനു പ്രതീക്ഷ നൽകി. എന്നാൽ, 9ആം ഓവറിൽ കൃണാലിനെ (8) പുറത്താക്കിയ പീയുഷ് ചൗള ഈ കൂട്ടുകെട്ട് പൊളിച്ചു. 46 റൺസാണ് മൂന്നാം വിക്കറ്റിൽ സ്റ്റോയിനിസുമായിച്ചേർന്ന് കൃണാൽ കൂട്ടിച്ചേർത്തത്.

കൃണാൽ മടങ്ങിയതോടെ വിക്കറ്റ് പ്രളയമായിരുന്നു. ആയുഷ് ബദോനി (1), നിക്കോളാസ് പൂരാൻ (0) എന്നിവരെ ഒരു ഓവറിൽ പവലിയനിലെത്തിച്ച മധ്‌വാൾ മുംബൈക്ക് മേൽക്കൈ നൽകി. മാർക്കസ് സ്റ്റോയിനിസ്, കൃഷ്ണപ്പ ഗൗതം (2), ദീപക് ഹൂഡ (15) എന്നിവർ മുംബൈയുടെ തീപ്പൊരി ഫീൽഡിംഗിൽ റണ്ണൗട്ടായി. ഇതിനിടെ ബിഷ്ണോയിയെ മധ്‌വാൾ മടക്കി അയച്ചു. മൊഹ്സിൻ ഖാൻ്റെ കുറ്റി പിഴുത മധ്‌വാൾ വിക്കറ്റ് വേട്ട അഞ്ചാക്കി ഉയർത്തി.