മാട്രിമോണിയല്‍ സൈറ്റുകളിലൂടെ 40ലധികം സ്ത്രീകളെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍

ബി.ടെക്,എം.ബി.എ ബിരുദധാരിയായ അനുരാഗ് ചവാൻ എന്ന വിശാൽ സുരേഷ് ചവാനെയാണ്(34) അറസ്റ്റ് ചെയ്തത്.

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ 40ലധികം സ്ത്രീകളെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ 40ലധികം സ്ത്രീകളെ കബളിപ്പിച്ച യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ടെക്,എം.ബി.എ ബിരുദധാരിയായ അനുരാഗ് ചവാൻ എന്ന വിശാൽ സുരേഷ് ചവാനെയാണ്(34) അറസ്റ്റ് ചെയ്തത്. വ്യാജ പ്രൊഫൈലുകളിലൂടെയാണ് ചവാന്‍ സ്ത്രീകളെ കബളിപ്പിച്ചിരുന്നത്. സമ്പന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി ചവാന്‍ വശീകരിക്കുകയായിരുന്നു. പരിചയപ്പെട്ടശേഷം ഒരു പ്രമുഖ മൊബൈല്‍ നിര്‍മാണ കമ്പനിയിലാണ് തനിക്ക് ജോലിയെന്നും ഏറ്റവും പുതിയ ഐഫോണുകള്‍ സമ്മാനമായി നല്‍കാമെന്നും സ്ത്രീകളെ പറഞ്ഞുവിശ്വസിപ്പിച്ചു. കബളിപ്പിക്കലിന് ഇരയായ 28കാരി ആഗസ്തില്‍ മുംബൈ പോലീസിനെ സമീപിക്കുകയും പ്രതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.മാട്രിമോണി സൈറ്റിൽ പ്രതിയെ കണ്ടിരുന്നെന്നും എന്നാൽ പിന്നീട് ഷെയർ മാർക്കറ്റ് നിക്ഷേപത്തിന്‍റെ പേരിൽ 2.25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും അവർ ആരോപിച്ചു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ചവാനെ പിടികൂടിയത്. പ്രതി തന്‍റെ പേരിലല്ലാത്ത ഒരു മൊബൈല്‍ നമ്പറാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. കോള്‍ റെക്കോഡുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് കല്യാൺ ഈസ്റ്റിലെ താമസസ്ഥലത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ചവാൻ കുറഞ്ഞത് 40 സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ടെന്നും ഇയാൾക്കെതിരെ വഞ്ചനയ്ക്കും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ടെന്നും ഇൻസ്പെക്ടർ സുധീർ ജാദവ് പറഞ്ഞു. 2017ൽ 17 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ ചവാന്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ കേസിൽ ഹൈക്കോടതിയിൽ നിന്ന് ചവാന് ജാമ്യം ലഭിച്ചിരുന്നു.