ആഡംബര കാറിന് നികുതിയിളവ്; മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി നടൻ വിജയ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ആഡംബര കാറിന് നികുതിയിളവ്; മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി നടൻ വിജയ്

ചെന്നൈ: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടിയുള്ള കേസില്‍ നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കാറിന് നികുതിയിളവ് തേടി നേരത്തെ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ട് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് വിജയ് അപ്പീലുമായി കോടതിയെ സമീപിച്ചത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച മദ്രാസ് ഹൈക്കോടതി നികുതി വെട്ടിപ്പുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് കേസ് മാറ്റി. ജസ്റ്റിസ് ആര്‍ ഹേമലത, ജസ്റ്റിസ് എം ദുരൈസ്വാമി എന്നിവരുടെ ബെഞ്ചാവും ഇനി കേസ് പരിഗണിക്കുക. രണ്ടംഗ ബെഞ്ച് കേസില്‍ വിശദമായ വാദം കേള്‍ക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു വിജയ്യുടെ അപ്പീല്‍.

കേസ് നാളെ തന്നെ പരിഗണിക്കണമെന്ന് വിജയിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രജിസ്ട്രാര്‍ ലിസ്റ്റ് ചെയ്യുന്നത് എപ്പോഴാണോ അപ്പോള്‍ പരിഗണിക്കാം ഹര്‍ജി പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

പ്രവേശന നികുതിയുടെ പേരില്‍ രജിസ്‌ട്രേഷന്‍ വൈകിയതില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും കൃത്യമായ നികുതി അടയ്ക്കാന്‍ തയാറാണെന്നും കോടതിയില്‍ അറിയിക്കും.

മുന്‍ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ റീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചു. ഇത്തരം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടും. അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും നടപടിക്രമം വൈകിയതാണ് ചോദ്യം ചെയ്തതെന്നും വിജയ്യുടെ അഭിഭാഷകന്‍ കുമാരേശന്‍ വ്യക്തമാക്കി.