നീളമുള്ള മൂക്ക് കൊണ്ട് ലോകമാകെ അറിയപ്പെട്ട ടർക്കിഷ് പൗരൻ ഓർമ്മയായി

നീളമുള്ള മൂക്ക് കൊണ്ട് ലോകമാകെ അറിയപ്പെട്ട ടർക്കിഷ് പൗരൻ ഓർമ്മയായി

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമയായി ​ഗിന്നസ് ലോക റെക്കോർഡ് നേടിയയാൾ 75 -ാം വയസ്സിൽ അന്തരിച്ചു. ടർക്കിഷ് പൗരനായ മെഹ്‌മെത് ഒസിയുറെക്കിന്റെ വിയോഗവാർത്ത ഗിന്നസ് വേൾഡ് റെക്കോർഡ്സ് തന്നെയാണ് പ്രഖ്യാപിച്ചത്. ജീവിതത്തെ എന്നും ആവേശത്തോടെ കണ്ടിരുന്ന ആളായിരുന്നു തുർക്കിയിൽ നിന്നുള്ള മെഹ്മെത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമ എന്ന രീതിയിൽ അറിയപ്പെട്ടിരുന്ന ആളുമായിരുന്നു അദ്ദേഹം. 

ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നീളം കൂടിയ മൂക്കുള്ള പുരുഷൻ എന്ന പദവി മൂന്ന് തവണ മെഹ്മെത് നേടി. 2001 -ലാണ് ആദ്യമായി ​ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടുന്നത്. മെഹ്മെത്തിന്റെ മൂക്ക് നിരന്തരം വളരുകയും കാലക്രമേണ വലുപ്പം വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, മെഹ്മെത്തിന്റെ മൂക്ക് ഇങ്ങനെ വലുപ്പം വയ്ക്കാൻ കാരണം റൈനോഫിമ എന്ന രോഗാവസ്ഥയാണ്. 

8.8 സെന്റി മീറ്ററാണ് അദ്ദേഹത്തിന്റെ മൂക്കിന്റെ നീളം. ജന്മനാടായ ആർട്ട്വിനിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുക. പ്രിയപ്പെട്ടവർ അദ്ദേഹത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി. 

ചരിത്രത്തിലെ ഏറ്റവും വലിയ മൂക്ക്

എന്നാൽ, റിപ്പോർട്ടുകൾ അനുസരിച്ച്, ചരിത്രത്തിലെ തന്നെ ഏറ്റവും നീളമുള്ള മൂക്ക് 18 -ാം നൂറ്റാണ്ടിൽ യോർക്ക്ഷെയറിൽ ജീവിച്ചിരുന്ന ഒരു സർക്കസ് പ്രകടനക്കാരന്റേതായിരുന്നുവത്രെ. അദ്ദേഹത്തിന്റെ പേര് തോമസ് വാഡ്ഹൗസ് എന്നാണ്. വെഡ്ഡേഴ്സിന്റെ മൂക്കിന് 19 സെന്റീമീറ്ററായിരുന്നു നീളം. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ലോകത്തിലെ ഏറ്റവും വലിയ മൂക്കിന്റെ ഉടമയായ വാഡേഴ്സിന് മരണാനന്തര റെക്കോർഡ് പോലും നൽകിയിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ മെഴുക് പ്രതിമ റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയത്തിലുണ്ട്.