ലോക്ക് ഡൗണ്‍ ഭീതി; വന്‍ നഗരങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികളുടെ ഒഴുക്ക്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ലോക്ക് ഡൗണ്‍ ഭീതി; വന്‍ നഗരങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികളുടെ ഒഴുക്ക്

കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ, വീണ്ടുമൊരു അപ്രതീക്ഷിത ലോക്ക് ഡൗണ്‍ പ്രഖ്യാപനമുണ്ടായേക്കാം എന്ന ഭീതിയില്‍ അതിഥി തൊഴിലാളികള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപനം ഉണ്ടായേക്കാമെന്ന ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ന​ഗരങ്ങളില്‍ നിന്ന് ബിഹാറിലേക്കുള്ള ട്രെയിന്‍, ബസ് സര്‍വീസുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികാളാണ് വീണ്ടുമൊരു അപ്രതീക്ഷിത ലോക്ക് ഡൗണ്‍ ഉണ്ടായേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്. ഇതോടെ മുംബൈ, പൂനെ, ചണ്ഡീ​ഗഡ്, സൂറത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍, ബസ് മാര്‍​ഗം വലിയ തോതിലുള്ള ജനങ്ങളുടെ ഒഴുക്കാണ് അനുഭവപ്പെട്ടത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ നിന്നാണ് തൊഴിലാളികള്‍ കൂടുതലായും നാടുവിടുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള പത്ത് ജില്ലകളില്‍ മുന്നില്‍ മുംബൈയാണുള്ളത്.

മുംബൈ, പൂനെ ഉള്‍പ്പടെയുള്ള ന​ഗരങ്ങളില്‍ നിന്നും ബിഹാറിലേക്ക് പോകുന്ന ട്രെയിനുകളെല്ലാം തിങ്ങിനിറഞ്ഞിരിക്കുകയാണെന്ന് ഈസ്റ്റ് - സെന്‍ട്രല്‍ റെയില്‍വേ വക്താവ് രാജേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ബിഹാറിലേക്ക് മടങ്ങുന്നവരെല്ലാം അതിഥി തൊഴിലാളികളാണോ എന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ തിരിച്ചു വരവ് നേരിടാന്‍ നടപടിയാരംഭിച്ചതായി ബിഹാര്‍ തൊഴില്‍ മന്ത്രി ജിബേഷ് കുമാര്‍ പറഞ്ഞു. തിരിച്ചെത്തുന്നവര്‍ക്കെല്ലാം കോവിഡ് ടെസ്റ്റ് നടത്തും. പ്രത്യേകിച്ചും കൂടിയ രോ​ഗവ്യാപനമുള്ള ന​ഗരങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേകം പരി​ഗണിക്കും. വേണ്ടി വന്നാല്‍ ക്വാറന്റെയിന്‍ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുമെന്നും മന്ത്രി പറഞ്ഞു.