ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലസിത് മലിംഗ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലസിത് മലിംഗ

കൊളംബോ: ടെസ്റ്റിനും ഏകദിനങ്ങള്‍ക്കും പിന്നാലെ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ. 16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനൊടുവിലാണ് 38കാരനായ മലിംഗ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും 2011ലും ഏകദിന ക്രിക്കറ്റില്‍ നിന്ന് 2019ലും വിരമിക്കല്‍ പ്രഖ്യാപിച്ച മലിംഗ ശ്രീലങ്കക്കായി മൂന്ന് ഫോര്‍മാറ്റിലുമായി 546 വിക്കറ്റുകള്‍ വീഴ്ത്തി. ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചശേഷവും വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ മലിംഗ സജീവമായിരുന്നു.

ഇന്ന് എനിക്ക് വിശേഷപ്പെട്ട ദിവസമാണ്. കാരണം എന്നെ കരിയറിലുടനീളം പിന്തുണക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നു. ടി20 കരിയറില്‍ നിന്നും ഞാനിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. ഈ അവസരത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും മുംബൈ ഇന്ത്യന്‍സിനും ടീം ഉടമകള്‍ക്കും സഹതാരങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. അതുപോലെ മെല്‍ബണ്‍ സ്റ്റാര്‍സിനും കെന്‍റ് ക്രിക്കറ്റ് ക്ലബ്ബിനും രംഗപുര്‍ റൈഡേഴ്സിനും ഗയാന വാരിയേഴ്സിനും മറാത്ത അറേബ്യന്‍സ്, മോണ്ട്രിയാല്‍ ടൈഗേഴ്സ് ടീമുകള്‍ക്കും ഞാന്‍ പ്രത്യേകം നന്ദി പറയുന്നു.

നിങ്ങളോടൊപ്പം കളിച്ച കാലത്ത് ഒരുപാട് അനുഭവങ്ങള്‍ സ്വന്തമാക്കാനായി. വരുംകാലത്ത് അത് പുതിയ തലമുറയുമായി പങ്കുവെക്കാനാണ് ഞാനാഗ്രഹിക്കുന്നത്. യുട്യൂബില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ മലിംഗ പറഞ്ഞു.