മെഗാ പ്രഖ്യാപനം, തിയറ്ററുകളെ ഇളക്കി മറിക്കാന്‍ 'റോക്കി ഭായ്'; കെജിഎഫ് 2വിന്റെ റിലീസ് പ്രഖ്യാപിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മെഗാ പ്രഖ്യാപനം, തിയറ്ററുകളെ ഇളക്കി മറിക്കാന്‍ 'റോക്കി ഭായ്'; കെജിഎഫ് 2വിന്റെ റിലീസ് പ്രഖ്യാപിച്ചു

ഇന്ത്യയൊട്ടാകെ ഉള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫ് രണ്ടാം ഭാ​ഗത്തിന്റെ റീലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 2021 ജൂലൈ 16നാകും ചിത്രം പ്രേക്ഷകര്‍ക്ക് മുമ്ബിലെത്തുക. തിയറ്ററിലാണ് റിലീസ്. കൊവിഡ് ഇടവേളയ്ക്കുശേഷം രാജ്യത്തെ തിയറ്ററുകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന വേളയില്‍ കെജിഎഫ് 2ന്‍റെ റിലീസ് ഏവരെയും ആവേശത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ റിലീസ് തിയതി നടന്‍ പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്. കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.
പ്രഖ്യാപന സമയം മുതല്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു കെജിഎഫ്2. ചിത്രവുമായി ബന്ധപ്പെട്ട് വന്ന സ്റ്റില്ലുകളുടെയും ടീസറിന്റെയും ഹിറ്റ് അവയ്ക്ക് ഉദാഹരണമാണ്.ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 16.3 കോടിയിലേറെ കാഴ്ചകളാണ് യുട്യൂബില്‍ ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് ഓഗസ്റ്റ് 26ന് ആയിരുന്നു. നായകനായ യാഷിന്റെ ​ഗംഭീര പ്രകടനം തന്നെ ചിത്രത്തില്‍ കാണാനാകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് 'കെജിഎഫ്'. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് നീലാണ് സംവിധാനം.
ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന 'കെജിഎഫ് 2'ന്‍റെ ചിത്രീകരണം ഓഗസ്റ്റ് 26നാണ് പുനരാരംഭിച്ചത്. എന്നാല്‍ 90 ശതമാനം രംഗങ്ങളും കൊവിഡ് പ്രതിസന്ധിക്കു മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ കാന്‍സര്‍ രോഗം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സഞ്ജയ് ദത്ത് ചികിത്സയ്ക്കുവേണ്ടി ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്.