കാസര്‍കോടിന് രണ്ട് സ്‌പെഷ്യല്‍ കോടതികള്‍ കൂടി ; കാസര്‍കോട് ജില്ലയിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഹോസ്ദുര്‍ഗില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോടിന് രണ്ട് സ്‌പെഷ്യല്‍ കോടതികള്‍ കൂടി ; കാസര്‍കോട് ജില്ലയിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഹോസ്ദുര്‍ഗില്‍

കാസര്‍കോട്(www.kasaragodtimes.com 02.11.2020): കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും (എംഎസിടി) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഹൈക്കോടതി ജഡ്ജി എ എം ഷഫീക്ക് അധ്യക്ഷത വഹിച്ചു. നിയമ മന്ത്രി എ കെ ബാലന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍, ഹൈക്കോടതി ജഡ്ജിമാരായ എ എം ബദര്‍, അമിത് റാവല്‍ സംബന്ധിച്ചു. സ്വതന്ത്രമായി എംഎസിടി ഇല്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയായിരുന്നു കാസര്‍കോട്. 2009 മുതല്‍ കോടതി സ്ഥാപിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയില്‍ ജില്ല ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ ഇത് നീണ്ടുപോവുകയായിരുന്നു. കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹരജിയിലെ ഉത്തരവ് പ്രകാരമാണ് ജില്ലയില്‍ എംഎസിടി സ്ഥാപിക്കുന്നത്. അഡീഷണല്‍ ജില്ലാ ജഡ്ജ് (ഒന്ന്) ആര്‍ എല്‍ ബൈജുവിനാണ് ജഡ്ജിന്റെ താല്‍ക്കാലിക ചുമതല. ജില്ലാ ജഡ്ജിമാരുടെ പ്രൊമോഷന്‍ നടക്കുന്ന മുറക്ക് സ്ഥിരം ജഡ്ജ് നിയമനം ഉണ്ടാവും. എംഎസിടിയില്‍ ആദ്യദിനം അഞ്ച് കേസുകളാണ് പരിഗണിച്ചത്.

സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളിലൊന്നാണ് ഹൊസ്ദുര്‍ഗില്‍ ആരംഭിക്കുന്ന സ്പെഷ്യല്‍ കോടതി. പോക്സോ കേസുകളുള്‍പ്പെടെയുള്ള സെഷന്‍സ് കേസുകള്‍ ഈ കോടതി കൈകാര്യം ചെയ്യും. നിലവില്‍ കാസര്‍കോട് പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ കോടതിക്ക് പുറമേയാണ് ഹൊസ്ദുര്‍ഗില്‍ സ്പെഷ്യല്‍ കോടതി ആരംഭിക്കുന്നത്. അഡീഷണല്‍ ജില്ലാ ജഡ്ജ് (രണ്ട്) രാജന്‍ തട്ടിലിനാണ് ഹൊസ്ദുര്‍ഗ് സ്പെഷ്യല്‍ കോടതിയുടെ ചുമതല നല്‍കിയിരിക്കുന്നത്. ജില്ലാ സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്റെ പ്രത്യേക താല്‍പര്യമാണ് കോഡിന്റെ പ്രതിസന്ധി കാലത്തും പുതിയ കോടതികള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ജില്ലയ്ക്ക് എംഎസിടി, പോക്്‌സോ കോടതികള്‍ വരുന്നത്‌കൊണ്ട് ഈ വിഭാഗത്തിലുള്ള കേസുകള്‍ പെട്ടെന്ന് തീര്‍ക്കാനാവും. നിലവില്‍ ഇത്തരം കേസുകള്‍ അഡീഷണല്‍ കോടതിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

കാസര്‍കോട് കോടതി സമുച്ചയത്തില്‍ സംഘടിപ്പിച്ച ഉദ്ഘാടനം ചടങ്ങില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍, അഡീഷണല്‍ ജില്ലാ ജഡ്ജുമാരായ ടി കെ നിര്‍മല, രാജന്‍ തട്ടില്‍, ആര്‍ എല്‍ ബൈജു, ഡിഎല്‍എസ്എ സെക്രട്ടറി ഷുഹൈബ്, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ സി അശോക് കുമാര്‍, അസോസിയേഷന്‍ സെക്രട്ടറി കെ കരുണാകരന്‍ നമ്പ്യാര്‍, ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ സി ശശീന്ദ്രന്‍ പങ്കെടുത്തു.

 

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെ കര്‍ക്കശമായി നേരിടും: മുഖ്യമന്ത്രി

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ  അതിക്രമങ്ങളെ വിട്ടുവീഴ്ചയില്ലാതെ കര്‍ക്കശമായി നേരിടുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇവരുടെ മനസിനും ശരീരത്തിനും വൈഷമ്യമുണ്ടാക്കുന്ന ഒന്നും കേരളത്തില്‍ അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി നടക്കുന്ന ബലാല്‍സംഗ-പോക്സോ  കേസുകളുടെ വിചാരണകള്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനത്ത് സജ്ജമാക്കിയ അഞ്ച് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതികളുടെയും കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ലെ ക്രിമിനല്‍ ഭേദഗതി നിയമം നിഷ്്കര്‍ഷിക്കുന്നത് ബലാല്‍സംഗക്കേസിലെ വിചാരണ രണ്ട് മാസങ്ങള്‍ക്കുള്ളിലും അപ്പീല്‍ നടപടികള്‍ ആറ് മാസത്തിനകവും പോക്സോ കേസുകള്‍ ഒരു വര്‍ഷത്തിനുള്ളിലും തീര്‍പ്പാക്കണമെന്നാണ്. പ്രത്യേക കോടതികള്‍ കൂടുതലില്ലാത്തതിനാല്‍ രാജ്യത്തൊരിടത്തും സമയപരിധിക്കുള്ളില്‍ ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ പറ്റുന്നില്ല എന്നതാണ് വസ്തുത. ഈ പശ്ചാത്തലത്തില്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

സമയബന്ധിതമായി പോക്സോ,ബലാല്‍സംഗ കേസുകള്‍ തീര്‍പ്പാക്കാനാണ് കേന്ദ്ര നിയമ നീതി മന്ത്രാലയം സ്ത്രീ സുരക്ഷാ മിഷന്റെ കീഴില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഓരോ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതിയും വര്‍ഷം ഇത്തരം 165 കേസുകള്‍ തീര്‍പ്പാക്കണമെന്നാണ് പദ്ധതി വ്യവസ്ഥ ചെയ്യുന്നത്. ഇതിന് വേണ്ടി കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനമാണ് തുക നീക്കിവെക്കുന്നത്. ഒരു വര്‍ഷം 75 ലക്ഷം രൂപയാണ് ഈ വിധത്തില്‍ ചെലവാക്കുന്നത്. കേസുകള്‍ വേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിന് പതിനാല് ജില്ലകളിലായി 28 ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കിയത്. ഹൈക്കോടതിയുടെ നേതൃത്വത്തിലാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.  കോടതികള്‍ എവിടെയാവണമെന്ന് ഹൈക്കോടതിയാണ് നിശ്ചയിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകത, ജനങ്ങളുടെ എത്തിച്ചേരല്‍ സൗകര്യം, കേസുകളുടെ എണ്ണം, അടിസ്ഥാന സൗകര്യലഭ്യത തുടങ്ങിയവ മാനദണ്ഡാമാക്കിയാണ് ഹൈക്കോടതി തീരുമാനമെടുത്തത്. 28 കോടതികളില്‍ 17 എണ്ണം കഴിഞ്ഞ ജൂലൈ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഈ കോടതികളില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

ഫോട്ടോ അടിക്കുറിപ്പ് (കാസര്‍കോട് കോര്‍ട്ട്)

 

കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെ (എംഎസിടി) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുന്നു

 

 

കാസര്‍കോട് ജില്ലയിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ഹോസ്ദുര്‍ഗില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

കാസര്‍കോട് ജില്ലയിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി മുഖ്യമന്ത്രി പിണറയി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. സ്്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കടന്നു കയറ്റങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരെയുള്ള പോക്സോ കേസുകള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി കൊണ്ടുവന്നതെന്നും കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ 14 ജില്ലകളിലുമായി 28 ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.  വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച സംസ്ഥാനത്തെ വിവിധ ഇടങ്ങളിലാണ് കോടതികള്‍ സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കേരള ഹൈകോടതി ജഡ്ജ് ജസ്റ്റിസ് എ.എം ഷഫീഖ് അധ്യക്ഷനായി. ജൂലൈ മാസം 17 ഫാസ്റ്റ് ട്രാക്ക് കടതികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ അഞ്ച് (നെയ്യാറ്റിന്‍കര, മഞ്ചേരി, ആലുവ, ഹോസ്ദുര്‍ഗ്, തിരൂര്‍) ഫാസ്റ്റ് ട്രാക്ക് കടതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സംസ്ഥാന തല ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം ഹോസ്ദുര്‍ഗ്ഗ് കോര്‍ട്ട് കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ നിയുക്ത പോക്സോ ജഡ്ജ് (അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് ജഡ്ജ്) രാജന്‍ തട്ടില്‍, ഹോസ്ദുര്‍ഗ്ഗ് സബോഡിനേറ്റ് ജഡ്ജ് അഡ്വ. കെ. വിദ്യാധരന്‍, ജഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബി. കരുണാകരന്‍, ഹോസ്ദുര്‍ഗ്ഗ് മുന്‍സിഫ് ആര്‍.എം സല്‍മത്ത്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.സി ശശീന്ദ്രന്‍, സീനിയര്‍ അഭിഭാഷകരായ അഡ്വ. എം.സി ജോസ്, അഡ്വ. പി. അപ്പുക്കുട്ടന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ടി.കെ അശോകന്‍, ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ അഡ്വ. കെ.എല്‍. മാത്യു, അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് വി.എം ജയദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ദിനത്തില്‍ നാല് കേസുകള്‍ വിളിച്ചു. കേസുകള്‍ വിചാരണയ്ക്കായി മാറ്റിവെച്ചു. അഭിഭാഷകര്‍ വിട്ടുനല്‍കിയ ബാര്‍ അസോസിയേഷന്‍ ഹാളിലാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ആരംഭിക്കുന്നത്. നേരത്തെ ജില്ലാ അഡീഷണല്‍ കോടതി ഒന്നിലായിരുന്നു പോക്സോ കേസുകള്‍ വിജാരണ നടത്തിയിരുന്നത്.