കാസർകോട് ഏപ്രിൽ 23 രാത്രി 12 മുതൽ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട് ഏപ്രിൽ 23 രാത്രി 12 മുതൽ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസർകോട് (www.kasaragodtimes.com 23.04.2021): ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ സിആർപിസി 144 പ്രകാരം ജില്ലാ കളക്ടർ ഡോ.ഡി. സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രിൽ 23 രാത്രി 12 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ. നേരത്തേ സർക്കാർ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഇതോടൊപ്പം കർശനമായി നടപ്പാക്കുന്നതിനും വെള്ളിയാഴ്ച രാത്രി ഏഴിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
കാഞ്ഞങ്ങാട്, നീലേശ്വരം മുൻസിപ്പാലിറ്റികളിലും അജാനൂർ, ചെമ്മനാട്, ചെറുവത്തൂർ, കള്ളാർ, കയ്യൂർ-ചീമേനി, കിനാനൂർ-കരിന്തളം, കോടോം-ബേളൂർ, മടിക്കൈ, പടന്ന, പള്ളിക്കര, പുല്ലൂർ-പെരിയ, തൃക്കരിപ്പൂർ, ഉദുമ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളിലുമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ആളുകൾ കൂട്ടം കുടുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പോലീസ് പരിശോധനയും നടപടികളും കർശനമാക്കും.
യോഗത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി കോ ചെയർപേഴ്സൺ ബേബി ബാലകൃഷ്ണൻ,
ജില്ലാ പോലീസ് മേധാവി പിബി രാജീവ്, എ ഡി എം അതുൽ എസ് നാഥ്, ഡി എം ഒ (ആരോഗ്യം) ഡോ.എ.വി.രാംദാസ് തുടങ്ങിയവർ പങ്കെടുത്തു.