പ്രവീണ്‍ നെട്ടരുവിന്റെ ഭാര്യയെ പിരിച്ചുവിട്ട് സിദ്ധരാമയ്യ സർക്കാർ; സ്വാഭാവിക നടപടിയെന്ന് പ്രതികരണം

പ്രവീണ്‍ നെട്ടരുവിന്റെ ഭാര്യയെ പിരിച്ചുവിട്ട് സിദ്ധരാമയ്യ സർക്കാർ; സ്വാഭാവിക നടപടിയെന്ന് പ്രതികരണം

ബംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടരുവിന്റെ ഭാര്യയ്ക്ക് ബിജെപി സര്‍ക്കാര്‍ നല്‍കിയ താത്കാലിക നിയമനം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ദുരന്തനിവാരണ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയായിരുന്നു പ്രവീണിന്റെ ഭാര്യ നൂതന്‍ കുമാരി. 

2022 സെപ്തംബര്‍ 29ന് നൂതന്‍ കുമാരിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രൂപ്പ് സി തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമിച്ചിരുന്നത്. പിന്നീട് ഒക്ടോബര്‍ 13ന് ഇവരുടെ അഭ്യര്‍ത്ഥന പ്രകാരം മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. സര്‍ക്കാര്‍ മാറുമ്പോള്‍ മുന്‍കാല താത്കാലിക നിയമനങ്ങള്‍ റദ്ദാക്കുന്നത് സ്വാഭാവികമാണെന്ന ഡെപ്യൂട്ടി കമ്മീഷണര്‍ എം.ആര്‍ രവികുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

യുവമോര്‍ച്ച ദക്ഷിണ കന്നട ജില്ല സമിതി അംഗമായിരുന്നു പ്രവീണ്‍ 2022 ജൂലൈ 26നാണ് കൊലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. എന്‍ഐഎയാണ് കേസ് അന്വേഷിച്ചത്. സമൂഹത്തില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാനും തീവ്രവാദം വളര്‍ത്താനും ഭീതി പരത്താനും ഉദ്ദേശിച്ചായിരുന്നു കൊലപാതകമെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. 2047 ആകുമ്പോഴേക്ക് ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു. ഇതിനായി ആളുകളെ ലക്ഷ്യമിട്ട് കൊല്ലാനായി കില്ലര്‍ സ്‌ക്വാഡുകള്‍, അഥവാ സര്‍വീസ് ടീമുകള്‍ രൂപീകരിച്ചു. ഇവര്‍ക്ക് ആയുധപരിശീലനമടക്കം നല്‍കിയിരുന്നു. പ്രവീണ്‍ നെട്ടരുവിനെ കൊന്നത് കൃത്യമായി പദ്ധതിയിട്ടാണെന്നും കുറ്റപത്രം പറയുന്നു.