കുടുംബവഴക്ക്: 50കാരന്‍ ഓടിളക്കി വീടിനുള്ളില്‍ തീയിട്ടു; നാലുകുട്ടികളടക്കം ആറു പേര്‍ വെന്തുമരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കുടുംബവഴക്ക്: 50കാരന്‍ ഓടിളക്കി വീടിനുള്ളില്‍ തീയിട്ടു; നാലുകുട്ടികളടക്കം ആറു പേര്‍ വെന്തുമരിച്ചു

ബംഗളൂരു(www.kasaragodtimes.com 04.04.2021): ദക്ഷിണ കുടകിലെ പൊന്നംപേട്ടില്‍ മദ്യലഹരിയിലായ 50കാരന്‍ കുടുംബവഴക്കിനെ തുടര്‍ന്ന് വീടിനുള്ളില്‍ തീയിട്ടു. നാലുകുട്ടികളുള്‍പ്പെടെ വീടിനകത്ത്​ ഉറങ്ങുകയായിരുന്ന ആറുപേര്‍ വെന്തുമരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്​. പൊന്നംപേട്ടിനടുത്ത്​ മുകുടിഗേരിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ദാരുണ സംഭവം.

പ്രദേശത്തെ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലൈന്‍ വീടുകളിലൊന്നാണ് കത്തിയമര്‍ന്നത്. യെരവാര ഭോജ എന്നയാളാണ്​ വീടിന്​ തീയിട്ടതെന്ന്​ പൊന്നംപേട്ട്​ പൊലീസ്​ പറഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ്​ തെരച്ചില്‍ ശക്​തമാക്കി. ഭോജയുടെ മകനും തോട്ടം തൊഴിലാളിയുമായ മഞ്ജുവും കുടുംബവുമാണ്​ ഇവിടെ താമസിച്ചിരുന്നത്​. ശനിയാഴ്ച ഒരു ബന്ധുവും കുടുംബവും ഇവിടെയെത്തിയിരുന്നു. രാത്രിയില്‍ ഭോജയും ഭാര്യ സീതയും തമ്മില്‍ വഴക്കുണ്ടായി. അതിനുശേഷം ഇരുവരും ഉറങ്ങാന്‍ കിടന്നു.

രാത്രി രണ്ടുമണിയോടെ മദ്യലഹരിയിലായിരുന്ന ഭോജ എഴുന്നേറ്റ്​ വാതില്‍​ പുറത്തുനിന്ന്​ പൂട്ടിയ ശേഷം വീടിനുമുകളില്‍ കയറി മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കിമാറ്റി പെട്രോള്‍ ഒഴിച്ച്‌ തീവെക്കുകയായിരുന്നു. വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ വീടിനകത്തുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ല.

ഭോജയുടെ ഭാര്യ സീത (45), ബന്ധു ബേബി (40), പ്രാര്‍ഥന (6), വിശ്വാസ് (6), പ്രകാശ് (7), വിശ്വാസ് (7) എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ സംഭവസ്​ഥലത്തും മൂന്നുപേര്‍ മൈസൂരിലെ കെ.ആര്‍. ആശുപത്രിയിലുമാണ്​ മരിച്ചത്​. മഞ്ജുവിന്‍റെ രണ്ടുകുട്ടികളും ഇവരുടെ ബന്ധുവിന്‍റെ രണ്ടുകുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. മഞ്ജുവിനെയും ബന്ധുവും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​.