'ദി കേരള സ്റ്റോറി' കാണാൻ നിർബന്ധിച്ച് നോട്ടീസ് ഇറക്കി കർണാടക കോളജ്; റദ്ദാക്കി സിദ്ധാരാമയ്യ

മംഗളൂരു: കര്‍ണാടകയിലെ ഭരണമാറ്റം 'ദി കേരള സ്റ്റോറി 'സിനിമ പ്രദര്‍ശനത്തില്‍ വരെ പ്രകടമായി. ബഗല്‍കോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുര്‍വേദ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനികളോട് വിവാദ സിനിമ സൗജന്യമായി കാണാൻ നിര്‍ദ്ദേശിച്ച് പ്രിൻസിപ്പല്‍ പുറത്തിറക്കിയ നോട്ടീസ് മുഖ്യമന്ത്രി സിദ്ധാരാമയ്യ ഇടപെട്ട് റദ്ദാക്കി.
ബുധനാഴ്ച 11 മുതല്‍ അര്‍ധ ദിന അവധി പ്രഖ്യാപിച്ചായിരുന്നു ചൊവ്വാഴ്ച പ്രിൻസിപ്പല്‍ കെ.സി. ദാസ് നോട്ടീസ് ഇറക്കിയത്. ഉച്ച 12 മുതല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്റെ പേരും നോട്ടീസില്‍ പറഞ്ഞിരുന്നു. "എല്ലാവരും ഈ സിനിമ നിര്‍ബന്ധമായും കണ്ടിരിക്കണം"എന്ന ഉപദേശവും നല്‍കി.
എന്നാല്‍ കര്‍ണാടക ജാഗ്രത നാഗരികറു സംഘടനയുടെ നേതൃത്വത്തില്‍ കന്നട എഴുത്തുകാരായ കെ. മരുളസിദ്ധപ്പ, എസ്.ജി. സിദ്ധാരാമയ്യ, വിദ്യാഭ്യാസ പ്രവര്‍ത്തകൻ വി.പി. നിരഞ്ജനാരാധ്യ എന്നിവര്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് കത്തു നല്‍കി. മുഖ്യമന്ത്രി ഉടൻ നടപടി സ്വീകരിക്കാൻ ബഗല്‍കോട്ട് ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ പി. സുനില്‍ കുമാറിന് നിര്‍ദേശം നല്‍കി. അദ്ദേഹം തഹസില്‍ദാറെ നേരിട്ട് കോളജില്‍ അയച്ച് നോട്ടീസ് പിൻവലിപ്പിച്ചു. മുൻ നോട്ടീസ് റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസ് ബുധനാഴ്ച രാവിലെ 11.30ന് പ്രിൻസിപ്പല്‍ ബോര്‍ഡില്‍ പതിച്ചു. അഖില ഭാരത ജനവാദി മഹിള സംഘടനയും കോളജ് അധികൃതരുടെ നോട്ടീസിന് എതിരെ രംഗത്ത് വന്നിരുന്നു.