പതിനൊന്ന് വർഷത്തെ കരിയറിന് ശേഷം ശേഷം ജോർഡി ആൽബ ബാഴ്സലോണ വിടുന്നു

പതിനൊന്ന് വർഷത്തെ കരിയറിന് ശേഷം ശേഷം ജോർഡി ആൽബ ബാഴ്സലോണ വിടുന്നു

പതിനൊന്നു വർഷങ്ങൾ ബാഴ്സലോണയുടെ ബ്ലൂഗ്രാന അണിഞ്ഞു മൈതാനത്തിന്റെ ഇടത് ഫുൾ ബാക്ക് പൊസിഷൻ ശക്തമാക്കിയ ജോർഡി ആൽബ ക്ലബ് വിടുന്നു. ക്ലബ്ബിന്റെ മൂന്നാം ക്യാപ്റ്റൻ കൂടിയായ താരം എണ്ണമറ്റ ട്രോഫികൾ ബാഴ്സ ജേഴ്സിയിൽ നേടിയിട്ടുണ്ട്. ഈ സീസൺ അവസാനിക്കുമ്പോൾ താരം ക്ലബ്ബിൽ നിന്നും പടിയിറങ്ങുമെന്ന് എഫ്‌സി ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചു. 2023 – 24 സീസൺ വരെയാണ് താരത്തിന് ക്ലബ്ബുമായി കരാർ ഉണ്ടായിരുന്നത്. കരാർ പൂർത്തിയാകാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് ഈ തീരുമാനം.ബാഴ്സലോണയുടെ പ്രശസ്തമായ അക്കാദമി ല മാസിയയിലൂടെയാണ് താരം വളർന്നു വന്നത്. 2005-ൽ അവിടെ നിന്ന് കോർണെല്ല എന്ന കുഞ്ഞു ക്ലബ്ബിലേക്കും തുടർന്ന് വാലെൻസിയിലേക്കും താരം ചേക്കേറി. 2012-ൽ വലെൻസിയയിൽ നിന്നാണ് ജോർഡി ആൽബ ബാഴ്സലോണയിലേക്ക് മടങ്ങി എത്തുന്നത്. ഇതുവരെ ആൽബ കരിയറിൽ ആറ് ലാ ലിഗ കിരീടങ്ങളും ഏഴ് കോപ്പ ഡെൽ റേകളും നാല് സൂപ്പർ കോപ്പയും ഒരു ക്ലബ് ലോകകപ്പും ഒരു ചാമ്പ്യൻസ് ലീഗ് ട്രോഫിയും നേടിയിട്ടുണ്ട്. ഈ സീസണിൽ അലെജാന്ദ്രോ ബാൾഡ് എന്ന യുവതാരത്തിന്റെ ഉയർച്ചയാണ് ആൽബക്ക് സീനിയർ ടീമിൽ നിന്നും സ്ഥാനം നഷ്ടപ്പെടാൻ കാരണം.കളിക്കളത്തിൽ ജോർഡി ആൽബ കാഴ്ചവെച്ച പ്രൊഫഷണലിസം, പ്രതിബദ്ധത, അർപ്പണബോധം എന്നിവയിയ്ക്ക് ക്ലബ് ഔദ്യോഗികമായി നന്ദി അറിയിച്ചു. കൂടതെ, ക്ലബ് ക്യാപ്റ്റൻ സെർജിയോ ബുസ്കെറ്റ്സ് ഈ സീസണിന്റെ അവസാനം ക്ലബ് വിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഞായറാഴ്ച റയൽ മല്ലോർക്കയ്‌ക്കെതിരെ ക്യാമ്പ് നൗവിൽ ഇരുവരും തങ്ങളുടെ അവസാന ഹോം മത്സരം കളിക്കും.