ജര്‍മനിയെ തകര്‍ത്തു, പിന്നാലെ സ്റ്റേഡിയം വെടിപ്പാക്കി ജാപ്പനീസ് ആരാധകര്‍

സ്റ്റേഡിയത്തിലെ മാലിന്യങ്ങളെല്ലാം ശേഖരിച്ച് കവറിലാക്കി നിശ്ചിതസ്ഥലത്ത് നിക്ഷേപിച്ചാണ് അവര്‍ മടങ്ങിയത്.

ജര്‍മനിയെ തകര്‍ത്തു, പിന്നാലെ സ്റ്റേഡിയം വെടിപ്പാക്കി ജാപ്പനീസ് ആരാധകര്‍

ദോഹ: ഫുട്‌ബോള്‍ലോകം ജര്‍മനിക്കെതിരായ ജപ്പാന്റെ അട്ടിമറി വിജയം കണ്ട് ത്രസിച്ച് നില്‍ക്കെ സ്റ്റേഡിയത്തിലെ മാലിന്യം നീക്കുന്ന തിരക്കിലായിരുന്നു അവരുടെ ആരാധകര്‍. സ്റ്റേഡയത്തിന്റെ ഗാലറിയില്‍ ഫുട്‌ബോള്‍ പ്രേമികള്‍ അവശേഷിച്ച മാലിന്യം നീക്കിയ ശേഷമാണ് അവര്‍ സ്റ്റേഡിയം വിട്ടത്. ആരാധകര്‍ ഇരിപ്പടത്തിന് സമീപം അവശേഷിപ്പിച്ച കുപ്പികളും ആഹാരത്തിന്റെ അവശിഷ്ടവും ഉള്‍പ്പെടെയുള്ളവയാണ് അവര്‍ നീക്കം ചെയ്തത്.

നേരത്തെ അല്‍ബൈത്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടനമത്സരത്തിനുശേഷം, കാണികളെല്ലാം ഗാലറി വിട്ടപ്പോള്‍ കളികാണാനെത്തിയ ജാപ്പനീസ് സംഘം സ്റ്റേഡിയം ഗാലറി വൃത്തിയാക്കിയിരുന്നു. കുപ്പികളും പ്ലാസ്റ്റിക്കുമുള്‍പ്പെടെയുള്ളവായാണ് ജപ്പാനില്‍ നിന്നെത്തിയ ഫുട്ബോള്‍ പ്രേമികള്‍ ശേഖരിച്ചത്. സ്റ്റേഡിയത്തിലെ മാലിന്യങ്ങളെല്ലാം ശേഖരിച്ച് കവറിലാക്കി നിശ്ചിതസ്ഥലത്ത് നിക്ഷേപിച്ചാണ് അവര്‍ മടങ്ങിയത്.

ലോക മത്സരവേദികളില്‍ ജാപ്പനീസ് ആരാധകരുടെ 'ക്ലീനിങ്' ആദ്യമായല്ല. നേരത്തേ, റഷ്യന്‍ ലോകകപ്പിലെ മത്സരങ്ങള്‍ക്കുശേഷം ഗാലറി വൃത്തിയാക്കുന്ന പ്രവൃത്തി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അന്ന് ബെല്‍ജിയത്തിനെതിരേ ടീം 3-2ന് പരാജയപ്പെട്ടിട്ടും മാലിന്യം നീക്കം ചെയ്ത ശേഷമാണ് ജപ്പാന്റെ ആരാധകര്‍ സ്റ്റേഡിയം വിട്ടത്.