ചെന്നൈ-ഗുജറാത്ത് ഐപിഎല്‍ ഫൈനല്‍: കാലാവസ്ഥാ പ്രവചനം, മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍; ലൈവ് സ്ട്രീമിംഗ്

കിരീടപ്പോരാട്ടത്തിനായി ഇരു ടീമുകളും അരയും തലയും മുറുക്കുമ്പോള്‍ ആരാധകരുടെ മനസില്‍ ആശങ്ക കോരിയിടുന്ന കലാവസ്ഥാ പ്രവചനമാണ് അഹമ്മദാബാദില്‍ നിന്ന് വരുന്നത്. അക്യുവെതറിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് അഹമ്മദാബാദില്‍ ഇന്ന് മഴപെയ്യാനുള്ള സാധ്യത 40 ശതമാനമാണ്.

ചെന്നൈ-ഗുജറാത്ത് ഐപിഎല്‍ ഫൈനല്‍: കാലാവസ്ഥാ പ്രവചനം, മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍; ലൈവ് സ്ട്രീമിംഗ്

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ അഞ്ചാം കിരീട തേടി ചെന്നൈ സൂപ്പര്‍ കിംഗ്സും രണ്ടാം കിരീടത്തിനായി ഗുജറാത്ത് ടൈറ്റന്‍സും ഏറ്റമുട്ടും. രാത്രി 7.30 അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം. ടിവിയില്‍ സ്റ്റാര്‍ സ്പോര്‍ട്സിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും. ഏഴ് മണിക്ക് നടക്കുന്ന ടോസിന് മുന്നോടിയായും ആദ്യ ഇന്നിംഗ്സിന്‍റെ ഇടവേളയിലും പ്രമുഖരുടെ സംഗീതനിശയടക്കം സ്റ്റേഡിയച്ചില്‍ ഒരുക്കിയിട്ടുണ്ട്. ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം ഫൈനല്‍ പോരാട്ടം കാണാനായി നിറഞ്ഞു കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈനല്‍ മത്സരത്തിന്‍റെ ടിക്കറ്റിനായി കഴിഞ്ഞ രണ്ട് ദിവസമായി ആരാധകര്‍ കൂട്ടത്തോടെയെത്തിയത് സ്റ്റേഡിയത്തിന് പുറത്ത് സംഘര്‍ഷാവസ്ഥവരെ സൃഷ്ടിച്ചിരുന്നു.

മാനം കനിയുമോ

കിരീടപ്പോരാട്ടത്തിനായി ഇരു ടീമുകളും അരയും തലയും മുറുക്കുമ്പോള്‍ ആരാധകരുടെ മനസില്‍ ആശങ്ക കോരിയിടുന്ന കലാവസ്ഥാ പ്രവചനമാണ് അഹമ്മദാബാദില്‍ നിന്ന് വരുന്നത്. അക്യുവെതറിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് അഹമ്മദാബാദില്‍ ഇന്ന് മഴപെയ്യാനുള്ള സാധ്യത 40 ശതമാനമാണ്. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കുന്നു. 50 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റു വീശാനുള്ള സാധ്യതയും അക്യുവെതര്‍ പ്രവചിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചന പ്രകാരം കനത്ത മഴ പെയ്യാനുള്ള സാധ്യത കുറവാണ്. ആകാശം മേഘാവൃതമായിരിക്കും. വൈകിട്ട് മഴ പെയ്താല്‍ മുംബൈ- ഗുജറാത്ത് രണ്ടാം ക്വാളിഫയറിലേതുപോലെ മത്സരം ആരംഭിക്കുന്നത് വൈകാനിടയുണ്ട്.

ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ മത്സരത്തിലെ ടോസ് നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം 45 മിനുറ്റാണ് വൈകിയത്. ടോസിട്ട് 15 മിനുറ്റ് കൊണ്ട് താരങ്ങള്‍ക്ക് മൈതാനത്ത് ഇറങ്ങേണ്ടിവന്നു. എട്ട് മണിക്ക് മാത്രമാണ് ഗുജറാത്ത്-മുംബൈ മത്സരം ആരംഭിക്കാനായത്. മത്സരത്തിന് മുമ്പ് മഴ പെയ്‌താല്‍ ടോസ് നിര്‍ണായകമാകും. ആകാശം മേഘാവൃതമായിരിക്കുമെന്നതും കാറ്റും കണക്കിലെടുത്ത് ആദ്യ ഓവറുകളില്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഗുജറാത്തിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തിട്ടും ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്ത് 233 റണ്‍സടിച്ചിരുന്നു.