ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് ഇന്ത്യൻ ഗുസ്തി താരം സുമിത് മാലിക്ക്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് ഇന്ത്യൻ ഗുസ്തി താരം സുമിത് മാലിക്ക്

ദില്ലി: ടോക്യോ ഒളിംപിക്സിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ ഉത്തേജക മരുന്ന് പരീക്ഷയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം സുമിത് മാലിക്കിന് സസ്പെന്‍ഷന്‍. ഇതോടെ താരം ടോക്യോയില്‍ മത്സരിക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായി. ബി സാംപിളും പോസിറ്റീവായാല്‍ മാലിക്ക് വിലക്ക് നേരിടേണ്ടി വരും.

സുമിതിന്റെ ബി സാംപിള്‍ പത്താം തിയതി പരിശോധിക്കും. താരത്തെ പ്രാഥമികമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടാം പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും റസിലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമാര്‍ പറഞ്ഞു.

എന്നാല്‍ സുമിത് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല എന്ന് കരുതുന്നതായും തോമാര്‍ വ്യക്തമാക്കി. പരിക്കേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലിരിക്കേ ചില മരുന്നുകള്‍ ഉപയോഗിച്ചതിനാലാവാം പരിശോധനയില്‍ പരാജയപ്പെട്ടത് എന്നാണ് അദേഹത്തിന്റെ പ്രതികരണം.

ഒളിംപിക്സ് തയ്യാറെടുപ്പുകള്‍ക്കായിട്ടുള്ള ദേശീയ ക്യാംപിനിടെ താരത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവായ സുമിത് മാലിക് ടോക്യോ ഒളിംപിക്സില്‍ 125 കിലോ വിഭാഗത്തിലാണ് മത്സരിക്കേണ്ടത്.

ഇതിനകം 11 വിഭാഗങ്ങളിലായി 100 താരങ്ങളാണ് ഇന്ത്യയില്‍ നിന്ന് ടോക്യോയിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഇതില്‍ എട്ട് പേര്‍ ഗുസ്തി താരങ്ങളാണ്. ഇരുപത്തിയഞ്ചിലധികം താരങ്ങള്‍ കൂടി യോഗ്യത നേടും എന്നാണ് പ്രതീക്ഷ.